ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. 

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11യോടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവലറാണ് അഗ്നിക്കിരയായത്. . അപകടം നടന്നതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

ടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി വരികയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏത് വാഹനത്തിനും ഇങ്ങനെ തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്പോഴോ അപകടങ്ങള്‍ക്ക് ശേഷമോ ഒക്കെ വാഹനങ്ങള്‍ക്ക് തീപിടിക്കാം. എങ്ങനെയാണു വാഹനങ്ങൾക്ക് തീ പിടിക്കുന്നത്?

തീപിടിക്കാനുള്ള കാരണങ്ങൾ
ഒരു വണ്ടിക്കമ്പനിയും ഏളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല തങ്ങളുടെ വാഹനങ്ങൾ നിർമിക്കുന്നത്. എങ്കിലും പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്കു തീപിടിക്കാം. അവയില്‍ ചിലവയെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് നിങ്ങളെ ഒരുപരിധി വരെയെങ്കിലും സഹായിക്കും. 

ഷോര്‍ട്ട് സര്‍ക്യൂട്ട്
പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. മിക്കവാറും സന്ദർഭങ്ങളിൽ ഫ്യൂസ് എരിഞ്ഞമരുന്നു. ഇത് തീപിടത്തതിലേക്ക് നയിക്കുന്നു

ഇന്ധനച്ചോര്‍ച്ച
റോഡപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് പലപ്പോഴും തീപടരാനിടയാക്കും. ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും. സാധാരണയായി വാഹനം രൂപകൽപന ചെയ്യുമ്പോൾ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്. എൻജിൽ ഓയിലിന്‍റെ ചോർച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടന്ന് തീപിടിക്കും. 

വയറിംഗിലെ കൃത്രിമം
ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൌന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

ഇത്തരം വസ്‍തുക്കള്‍ ബോണറ്റിനടിയില്‍ മറന്നു വെയ്ക്കുക
ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നു പോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലം വും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിയാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക. 

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍
സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് കൊണ്ടുതന്നെ പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് വളരെ ജനപ്രിയതയുണ്ട്. സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീ കത്താനുള്ള സാധ്യത കൂടും. 

Read More: നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!