ഏത്തപ്പഴം, ആപ്പിള്‍, തേങ്ങ. കരിമ്പ്, ശര്‍ക്കര, മുത്താറി തുടങ്ങിയവയാണ് ഊട്ടിനായി ഉപയോഗിക്കുന്നത്. 

കല്‍പ്പറ്റ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏറെക്കാലം അടഞ്ഞുകിടന്ന മുതുമല വന്യജീവി സങ്കേതത്തില്‍ വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. കഴിഞ്ഞ ദിവസം മുതുമല കാണാനെത്തിയവരുടെ വേറിട്ട അനുഭവമായിരുന്നു ഇവിടുത്തെ ആനയൂട്ടും അതിനോട് അനുബന്ധിച്ച് നടന്ന പൂജയും. വര്‍ഷം തോറും പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ആനയൂട്ട് നടത്തുന്നത്. ദേവര്‍ഷോല പോലീസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കായി വിവിധ കലാപരിപാടികളും അരങ്ങേറി.

കുട്ടികളടക്കം 27 ആനകള്‍ക്കാണ് പഴങ്ങളുടെ ഊട്ട് നടത്തിയത്. മായാര്‍ പുഴയില്‍ കൊണ്ടുപോയി കുളിപ്പിച്ചൊരുക്കി നിരയായി ഇവിടുത്തെ മുരുകന്‍ ക്ഷേത്രത്തിലെത്തി ക്ഷേത്രം വലംവെക്കും. തുടര്‍ന്ന് ആനപ്പന്തിയില്‍ എത്തുന്ന ഓരോ കരിവീരന്മാരെയും അഗ്നിയുഴിഞ്ഞതിന് ശേഷമാണ് ഊട്ട് ആരംഭിക്കുന്നത്. ഏത്തപ്പഴം, ആപ്പിള്‍, തേങ്ങ. കരിമ്പ്, ശര്‍ക്കര, മുത്താറി തുടങ്ങിയവയാണ് ഊട്ടിനായി ഉപയോഗിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പരിപാടിയില്‍ ആനകളെ എല്ലാം ഒരുമിച്ച് കാണാനാകുമെന്നതിനാല്‍ ധാരാളം സഞ്ചാരികള്‍ എത്തിച്ചേരുന്ന ചടങ്ങ് കൂടിയാണ് ആനയൂട്ട്. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് ഇത്തവണയും കാഴ്ച്ചക്കാർ എത്തിയിരുന്നു.

പൊങ്കല്‍ പ്രമാണിച്ച് ദേവര്‍ഷോല പോലീസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. എസ്.ഐ. ഷാജഹാന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ബാബു, സിദ്ധാര്‍ഥന്‍, ഷണ്‍മുഖരാജു എന്നിവരുടെ നേതൃത്വത്തില്‍ കടശ്ശനക്കൊല്ലി കോളനിയിലായിരുന്നു പരിപാടി.