ആലപ്പുഴ: വൈദ്യുതി കണക്ഷന് വേണ്ടി സെക്ഷൻ ആഫീസുകളുടെ പടിവാതിൽ പോലും കാണേണ്ട എന്ന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ പരസ്യ വാചകം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി താരമായിരിക്കുകയാണ് മുഹമ്മ വൈദ്യുതി സെക്ഷൻ അധികൃതർ. പോസ്റ്റോ ഓവർ ഹെഡ് ലൈനോ ആവശ്യമില്ലാത്ത വെതർ പ്രൂഫ് കണക്ഷനുകൾ സ്വന്തം വീട്ടിലിരുന്ന് തന്നെ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി തന്നെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും കണക്ഷന് ചെലവാകുന്ന എസ്റ്റിമേറ്റ് തുകയും ഒരുമിച്ചടക്കാം. അപേക്ഷയുടെ പകർപ്പും മതിയായ രേഖയുമായി വീട്ടിൾ ഇരുന്നാൽ മതി കണക്ഷനുമായി ജീവനക്കാർ പ്രിമിസസിൽ വരുമെന്നും അപ്പോൾ മാത്രം അപേക്ഷ കൈമാറിയാൽ മതിയെന്നുമായിരുന്നു വൈദ്യുതി ബോർഡ് നൽകിയിരുന്ന പരസ്യം. 

ഇതാണ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി മുഹമ്മ ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ മാതൃകയായത്. മിക്കവാറും സെക്ഷനോഫീസുകളിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത അപേക്ഷയും അവിടെ എത്തിച്ച് കൊടുക്കേണ്ടതായിട്ടുണ്ട്. കാവുങ്കലിലെ പലചരക്ക് മൊത്തവ്യാപാരി കിടങ്ങൂർ പുത്തൻ വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് ഷെഫീക്ക് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായാണ് കണക്ഷന് വേണ്ടി കഴിഞ്ഞ ദിവസം ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. 

ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഫോണിൽ വിളിച്ച് ലൊക്കേഷൻ തിരക്കി മൂന്ന് മണിക്ക് വന്ന് കണക്ഷനും നൽകി. ഓഫീസിൽ പോയി കണക്ഷന് വേണ്ടി അപേക്ഷ കൊടുക്കുന്നതിന്റെയും പണം അടക്കുന്നതിന്റെയും ബുദ്ധിമുട്ടുകൾ ഒഴിവായി കിട്ടുകയും വേഗത്തിൽ കണക്ഷൻ ലഭിക്കുകയും ചെയ്തതിന്‍റെ സന്തോഷത്തിലാണ് മുഹമ്മദ് ഷെഫീക്ക്. വൈദ്യുതി കണക്ഷനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ അപേക്ഷാ ഫീസും ഒഴിവാക്കിയിരുന്നു.