ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
കോഴിക്കോട്: മുസ്ലിം വനിതാ നേതാവ് ഫാത്തിമ തഹ്ലിയക്ക് വിജയം. കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറയിലാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‍ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കി. എൽ.ഡി.എഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയാനത്തിനെയാണ് ഫാത്തിമ തോൽപ്പിച്ചത്. ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
കോഴിക്കോട് കോര്‍പ്പറേഷനില്‍ 34 സീറ്റുമായി എല്‍ഡിഎഫും 26 സീറ്റുമായി യുഡിഎഫും കടുത്ത മത്സരമുണ്ടായി. 13 സീറ്റ് എന്‍ഡിഎ നേടി. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിൽ കോഴിക്കോട് കോര്‍പ്പറേഷനിൽ ആരായിരിക്കും ജയിക്കുകയെന്ന ആകാംക്ഷയാണ് ഉയരുന്നത്. എൽഡിഎഫിന്‍റെ കോട്ട തകര്‍ത്തുകൊണ്ടാണ് കോഴിക്കോട് യുഡിഎഫിന്‍റെ പടയോട്ടം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് വലിയ പ്രചാരണമാണ് നടത്തിയിരുന്നത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ എൽഡിഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി സിപി മുസാഫര്‍ അഹമ്മദ് തോറ്റു. മീഞ്ചന്ത വാര്‍ഡില്‍ നിന്നാണ് മുസാഫര്‍ അഹമ്മദ് തോറ്റത്. കോഴിക്കോട് കോര്‍പ്പറേഷനിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമടക്കം കനത്ത തിരിച്ചടിയാണ് എൽഡിഫിന്.കോഴിക്കോട് കോർപ്പറേഷനിൽ കോട്ടൂളി , മെഡിക്കൽ കോളേജ് സൗത്ത്, ചേവായൂര്, കോവൂർ, നെല്ലിക്കോട്, കുടിൽത്തോട് തുടങ്ങിയ വാര്‍ഡുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
