വാണിമേൽ ഗ്രാമപഞ്ചായത്തിൽ ഇരുപത് വർഷത്തെ മുസ്ലിം ലീഗ് ഭരണം അവസാനിപ്പിച്ച് എൽഡിഎഫ് അധികാരം പിടിച്ചെടുത്തു. 18 വാർഡുകളിൽ ഒമ്പതെണ്ണം നേടിയ എൽഡിഎഫിന്, ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ മുർഷിനയുടെ ഒരു വോട്ടിന്റെ ചരിത്ര വിജയമാണ് കേവല ഭൂരിപക്ഷം നൽകിയത്.
കോഴിക്കോട്: സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോഴും ഇരുപത് വര്‍ഷത്തിന് ശേഷം മുസ്ലിം ലീഗിൽ നിന്ന് ഭരണം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തുണ്ട് കോഴിക്കോട്ട്. ജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്താണ് ഇത്തവണ എൽഡിഎഫ് ഭരണത്തിലേറുന്നത്. 18 വാർഡുകളിൽ ഒമ്പതിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയം നേടി. എട്ട് വാർഡുകളിൽ യുഡിഎഫും ഒരു വാർഡിൽ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമാണ് വിജയിച്ചത്. ഇരുപത് വർഷം മുസ്ലിം ലീഗ് ഭരിച്ച കോട്ടയാണ് എൽഡിഎഫ് തകർത്തത്. 14-ാം വാര്‍ഡിലെ ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എൻകെ മുര്‍ഷിനയുടെ ചരിത്ര വിജയത്തോടെയാണ് കേവലഭൂരിപക്ഷത്തോടെ ഇടതുമൂന്നണി അധികാരത്തിലേക്ക് കടക്കുന്നത്.
ചരിത്രം തിരുത്തിയ സ്ഥാനാര്‍ത്ഥത്വവും അപൂര്‍വ വിജയവും
വാണിമേലിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു മുസ്ലിം വനിത മത്സരത്തിനെത്തിയത്. വാണിമേലിലെ കോടിയൂറ വാര്‍ഡിലായിരുന്ന ഇടത് സ്വതന്ത്രയായി എൻകെ മുര്‍ഷിന എത്തിയത്. മുസ്ലിം ലീഗിന്റെ കോട്ടയിൽ റൈഹാനത്ത് കെപിയായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി. വാശിയേറിയ മത്സരത്തിന്റെ എല്ലാ ഗൗരവത്തോടും കൂടി നടന്ന പ്രചാരണത്തിന്റെ ഫലവും മറിച്ചായില്ല. വാര്‍ഡിൽ ഒരു വോട്ടിനാണ് മുര്‍ഷിന വിജയിച്ചത്. മുര്‍ഷിനയ്ക്ക് 617 വോട്ടുകളും റൈഹാനത്തിന് 616 വോട്ടുകളുമാണ് ലഭിച്ചത്.


