കോഴിക്കോട്: മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ സ്കൂള്‍ വിട്ട് വന്ന ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പെട്ടെന്നുള്ള മരണകാരണം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടിയുമായി ബന്ധമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി ആവശ്യപ്പെട്ടു.

മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിച്ച പൊലീസ് പിന്നിട് ബന്ധുകളെ കേസില്‍ നിന്നും പിന്തരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ് മോർട്ടം റിപ്പോർട്ടും പരിശോധിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.