തൃശൂര്‍: മണ്ണെടുപ്പ് സംഘത്തെ പാഠം പഠിപ്പിച്ച് മുല്ലക്കരക്കാര്‍. മണ്ണുത്തി മുല്ലക്കരയിലെ എം ആര്‍ സി മലയില്‍ ഇടവേളക്ക് ശേഷം മണ്ണെടുക്കാനെത്തിയ സംഘത്തെയാണ് ഇവിടത്തുകാര്‍ സംഘടിച്ച് തടഞ്ഞത്. ഗുണ്ടാ സംഘങ്ങളടങ്ങിയ മണ്ണ് മാഫിയയുടെ ഭീഷണിയുയര്‍ന്നെങ്കിലും നാട്ടുകാര്‍ ഒറ്റക്കെട്ടായി നിന്നതോടെ മണ്ണെടുക്കാന്‍ കഴിഞ്ഞില്ല. മണ്ണെടുക്കാന്‍ കൊണ്ടു വന്ന ജെ.സി.ബിയും ലോറിയും നാട്ടുകാര്‍ തടഞ്ഞ് പൊലീസിലേല്‍പ്പിച്ചു.

2005ല്‍ ഇവിടെ മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. അനുമതി നല്‍കിയതിനേക്കാള്‍ ഇരട്ടിയായി മണ്ണെടുത്ത് കടത്തിയിരുന്നു. മലയുടെ വലിയ ഭാഗം മണ്ണെടുത്ത് സമീപത്തെ വീടുകള്‍ക്കും വൈദ്യുതി ടവറിനും ഭീഷണിയാവുന്ന വിധത്തിലുമായിരുന്നു. പിന്നീട് നാട്ടുകാര്‍ തടഞ്ഞു. അനുവദിച്ചതിനേക്കാള്‍ അധികമായി മണ്ണ് കടത്തിയതായും കണ്ടെത്തി. ഇതിന് ശേഷം നാട്ടുകാരുടെ സംരക്ഷണത്തിലായിരുന്നു എം.ആര്‍.സി മല.

കഴിഞ്ഞ ദിവസം ജെ.സി.ബിയും ലോറിയുമായാണ് മണ്ണെടുക്കാനായി സംഘമെത്തിയത്. മതിയായ രേഖകളുണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ അസഭ്യവും ഭീഷണിയുമുയര്‍ത്തി. ഇതോടെ നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി ബി സതീഷ് അടക്കമുള്ളവര്‍ രംഗത്തെത്തി. നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ചു.

വിവരമറിയിച്ചതനുസരിച്ച് മണ്ണുത്തി എസ് ഐ പിഎം രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി ജെ സി ബിയും ലോറിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇനി അനുമതിയോടെയാണെങ്കിലും മണ്ണെടുക്കാനെത്തുന്നവരെ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.