ചെങ്ങന്നൂർ കാരയ്ക്കാട്ട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വീട്ടുകാർ ആശുപത്രിയിലായിരുന്ന സമയത്ത് പൂജാമുറിയിലെ അലമാര തകർത്ത് മോഷണം നടത്തിയ സംഘം, തെളിവ് നശിപ്പിക്കാനായി സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയി.

ചെങ്ങന്നൂർ: കാരയ്ക്കാട്ട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കാരയ്ക്കാട് മലയുടെ വടക്കേതിൽ മഞ്ചേഷ് മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം. ശനിയാഴ്ച വൈകിട്ട് ആറിനും ഞായറാഴ്ച രാവിലെ പത്തിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണം കൈക്കലാക്കിയത്. ഏകദേശം 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കിടപ്പുമുറികളിലെയും മറ്റ് മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി കാമറകളുടെ കണക്ഷൻ വിച്ഛേദിക്കുകയും ഡിവിആർ തകർത്ത് അതിനുള്ളിലെ ഹാർഡ് ഡിസ്ക് എടുത്തു കൊണ്ടുപോകുകയും ചെയ്തു. വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയില്പെട്ടത്. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒന്നിലധികംപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.