വാടാനപ്പള്ളിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 5 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച 2 പേരെ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് അടഞ്ഞുകിടക്കുന്ന വീടുകള്‍ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. 

തൃശൂര്‍: ആള്‍താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും 5 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ ദില്ലി, ആസാം സ്വദേശികളായ രണ്ടു പേരെ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ജില്ല ന്യൂ ഫ്രണ്ട്‌സ് ഉന്നതി തേമു നഗര്‍ സ്വദേശി യൂനസ് (24), ആസാം ചിരാംഗ് ജില്ല ധാലിഗാവ് സ്വദേശി ഹബീസുല്‍ റഹ്മാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. 2025 ഡിസംബര്‍ രണ്ടിന് രാത്രി 7.30നും പിറ്റേന്ന് രാവിലെ 8.30നും ഇടയില്‍ വാടാനപ്പള്ളിയിലെ പൂട്ടിക്കിടന്ന വീട്ടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തു കയറി ചെമ്പ്, പിച്ചള പാത്രങ്ങളും പട്ടുസാരികളും ഉള്‍പ്പെടെ മോഷ്ടിക്കുകയായിരുന്നു.

വിരലടയാള വിദഗ്ധന്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടെ വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ സമാനമായ രീതിയില്‍ കളവ് നടത്തിയവരുടെ വിരലടയാളവും ചേറ്റുവയില്‍ കളവ് നടന്ന സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളവും ഒത്തു നോക്കി മാച്ച് ആവുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ പകല്‍ സമയങ്ങളില്‍ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് അടഞ്ഞ് കിടക്കുന്ന വീടുകള്‍ കണ്ടുവച്ച് രാത്രിയില്‍ മോഷണം നടത്താറാണ് പതിവ്.

യൂനസ് ചാവക്കാട്, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് മോഷണക്കേസുകളിലെ പ്രതിയാണ്. ഹബീസുല്‍ റഹ്മാന്‍ ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മോഷണക്കേസുകളിലെ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. ബിജുകുമാര്‍ പി.സി., വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. എന്‍.ബി. ഷൈജു, എസ്.ഐ. വിനീത് വി. നായര്‍, എസ്.ഐ. രഘുനാഥ്, സി.പി.ഒമാരായ പ്രണവ്, ജിഷ്ണു, രാജകുമാര്‍, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.