മുംബൈയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും വാളും ആസിഡും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത 25കാരനായ ഭർത്താവ് അറസ്റ്റിൽ. രക്ഷപ്പെട്ട് മാതാപിതാക്കളുടെ വീട്ടിലേക്ക് ഓടിയ യുവതിയെ ഇയാൾ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
മുംബൈ: മുംബൈയിൽ ഭാര്യയെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കി വീട്ടിൽ തടവിലിട്ട 25കാരനായ ഭർത്താവ് അറസ്റ്റിൽ. അർബാസ് സയ്യിദ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഇയാൾ, വാളുകൊണ്ട് വെട്ടിക്ക്കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപുറമെ നാല് മണിക്കൂറോളമാണ് ഇയാൾ ഭാര്യയെ നിർബന്ധപൂർവ്വം ഇരിക്കാനും നിൽക്കാനും സമ്മതിക്കാതെ നിര്‍ത്തി. ക്രൂരമായ ഈ പീഡനങ്ങൾക്കിടയിൽ ഭർത്താവിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട യുവതി ജീവൻ രക്ഷിക്കാനായി സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് ഓടിപ്പോയി. എന്നാൽ അർബാസ് സയ്യിദ് ഭാര്യയെ പിന്തുടർന്ന് അവരുടെ മാതാപിതാക്കളുടെ വീട്ടിലുമെത്തി.അവിടെവെച്ച് കടുത്ത പ്രകോപനം സൃഷ്ടിച്ച പ്രതി, കടുത്ത ദേഷ്യത്തിൽ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമത്തിന് പിന്നാലെ യുവതിയുടെ കുടുംബാംഗങ്ങൾ ഉടനടി പോലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം അർബാസ് സയ്യിദിനെ കസ്റ്റഡിയിലെടുത്തു. പൊ0ലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പിടിയിലായ അർബാസ് സയ്യിദ് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തൊൻപതോളം ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പരിക്കേറ്റ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ നിരവധി ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ജയിലിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.


