സുവർണ അവസരം തേടിയെത്തിയ വിവിധ രാഷ്ട്രീയകക്ഷികൾ പറഞ്ഞതെല്ലാം വിശ്വസിച്ച് കാത്തിരുന്നിട്ട് 390ദിവസമായി.

കൊച്ചി: തെരഞ്ഞെടുപ്പ് മുനമ്പം ഭൂമി തർക്കം സജീവ ചർച്ചയാക്കാൻ സമരസമിതി. ഒരു പഞ്ചായത്തിലോ ജില്ലയിലോ മാത്രമല്ല സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് മുനമ്പത്തെ വഖഫ് ഭൂമി തർക്കം. സുവർണ അവസരം തേടിയെത്തിയ രാഷ്ട്രീയപാർട്ടികൾ സമരവേദി ഒഴിഞ്ഞെങ്കിലും ക്രൈസ്തവ സഭകളുടെ പിന്തുണയിൽ 615 കുടുംബങ്ങൾ 390ആം ദിവസവും നിരാഹാര സമരം തുടരുകയാണ്. വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പിന് വോട്ടിലൂടെ മറുപടി പറയാനാണ് മുനമ്പത്തുകാരുടെ തീരുമാനം.

സംസ്ഥാന വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചിട്ടില്ല എങ്കിൽ ടൂറിസവും അടിസ്ഥാനസൗകര്യ വികസനവുമായേനെ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പത്തുകാരുടെ തദ്ദേശ തെരഞ്ഞെടുപ്പ് അജണ്ട. എന്നാൽ മുനമ്പത്തെ 615കുടുംബങ്ങളുടെ സമരപോരാട്ടം ഇന്ന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന ചർച്ചവിഷയമായി. സുവർണ അവസരം തേടിയെത്തിയ വിവിധ രാഷ്ട്രീയകക്ഷികൾ പറഞ്ഞതെല്ലാം വിശ്വസിച്ച് കാത്തിരുന്നിട്ട് 390ദിവസമായി. കടുത്ത നിരാശ മാത്രം തുടരുന്നുവെന്ന് സമരക്കാർ പറയുന്നു. പറഞ്ഞ് വഞ്ചിച്ചവർക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് മുനമ്പത്തുകാർ പറയുന്നു.

വഖഫ് ഭേദഗതി ബിൽ പാസായാൽ എല്ലാത്തിനും പരിഹാരമാകുമെന്ന് പറഞ്ഞ എൻഡിഎ, പത്ത് മിനിറ്റിൽ പ്രശ്നപരിഹാരം സാധ്യമെന്ന് പറഞ്ഞ യുഡിഎഫ്, നിയമവഴിയിൽ ഒപ്പം നിന്ന് അവകാശതർക്കം പരിഹരിക്കുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ തുടങ്ങി എല്ലാവരും വഞ്ചിച്ചെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി പരാമ‌ർശിച്ചിട്ടും നീളുന്ന നിയമനടപടികളാണെന്നും എല്ലാവരുടെയും വാക്ക് വിശ്വസിച്ചുവെന്നും ഇവർ പറയുന്നു. എല്ലാ നേതാക്കന്മാരെയും സമരപന്തലിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ ആ വാക്കുകളിലെയും പ്രവർത്തിയിലെയും ആത്മാർത്ഥതയിൽ സംശയമാണ് ഇന്ന് മുനമ്പത്തുകാർക്ക്. 

പള്ളിപ്പുറം പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. വഖഫ് ഭൂമി തർക്കമുള്ള വാർഡുകളിലാകട്ടെ യുഡിഎഫ് വിജയിച്ചു. എന്നാൽ പരിഹാരം വൈകിയാൽ ഇവിടെ മാത്രമല്ല പല രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിഞ്ഞേക്കുമെന്ന സൂചന നൽകുകയാണ് മുനമ്പത്തെ സമര സമിതി. എല്ലാ ക്രൈസ്ത സഭകളുടെയും ശക്തമായ പിന്തുണയുള്ള സമരത്തെ കരുതലോടെയാണ് വിവിധ കക്ഷികൾ ഉറ്റ് നോക്കുന്നത്. നിയമകുരുക്കിൽ പ്രതിസന്ധി തുടരുന്ന വഖഫ് ഭൂമി പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നില്ല. എന്നാൽ തിരിച്ചടി ഒഴിവാക്കാൻ കരുതലോടെ ചെയ്ത കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് ശ്രമം.