മൂന്നാറിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മ്മിച്ച ചെക്ക് ഡാമില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതോടെ മൂന്നാറിലെ ജല വിതരണം മുടങ്ങുന്നതും പതിവായി.
ഇടുക്കി: പ്രധാന കുടിവെള്ള സ്രോതസ്സായ മുതിരപ്പുഴയാറില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെയാണ് മൂന്നാറിലും (Munnar) പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം (Water scarsity) രൂക്ഷം. കേരളത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മൂന്നാര്‍. എങ്കിലും എല്ലാ വേനല്‍ക്കാലത്തും കുടിവെള്ളത്തിന് മൂന്നാര്‍ നിവാസികള്‍ നെട്ടോട്ടം ഓടുന്ന അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
വേനല്‍ക്കാലമെത്താന്‍ ഇനിയും രണ്ടു മാസങ്ങള്‍ കൂടിയുള്ള സാഹചര്യത്തിലാണ് മൂന്നാറിലെ ഏറ്റവും പ്രമുഖ ജല സ്രോതസ്സായ മുതിരപ്പുഴയാര്‍ വറ്റി വരളുന്നത്. മൂന്നാറിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മ്മിച്ച ചെക്ക് ഡാമില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതോടെ മൂന്നാറിലെ ജല വിതരണം മുടങ്ങുന്നതും പതിവായി. മൂന്നാര്‍ ടൗണ്‍, ലക്ഷം കോളനി, രാജീവ് ഗാന്ധി കോളനി, എം.ജി. കോളനി, ഇക്കാനഗര്‍, 26 മുറി ലൈന്‍ എന്നീ പ്രദേശങ്ങളിലാണ് കനത്ത ജലക്ഷാമം നേരിടുന്നത്. ഇവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്നും രാവിലെയും വൈകിട്ടും ലഭിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.
മൂന്നാര്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ചെക്ക് ഡാം നിര്‍മ്മാണം ആരംഭിച്ചത്. പണി ആരംഭിച്ച് വര്‍ഷങ്ങളായിട്ടും പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടില്ല. മൂന്നാര്‍ ടൗണിനു സമീപമുള്ള ഒന്നാം ഘട്ടം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പെരിയവരയ്ക്കു സമീപം രണ്ടാം ഘട്ടം പണികള്‍ പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും. ഈ സാഹചര്യത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
