ഇടുക്കി: ലോക നഴ്സസ് ദിനത്തിന്‍റെ ഭാഗമായി മൂന്നാറിലെ നേഴ്സുമാര്‍ക്ക് നാടിന്റെ ആദരം. സ്വകാര്യ സന്നദ്ധ സംഘനയുടെ ഭാഗമായി നടന്ന പരുപാടിയില്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ മൂന്നാറിലെ 21 നേഴ്‌സുമാരെ പൊന്നാട അണിയിച്ചും പൂക്കള്‍ വിതറിയും ആദരിച്ചു.  കൊവിഡ് 19 ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ സ്വന്തം താത്പര്യങ്ങള്‍ പോലും ഉപേക്ഷിച്ച് നാടിന്‍റെ കരുതലിന് വേണ്ടി അക്ഷീണം സേവനം ചെയ്തത് അനുസ്മരിച്ചും അവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ അങ്കണത്തില്‍ വച്ചയിരുന്നു പരിപാടി. സാമൂഹിക അകലം പാലിച്ചു അണിനിരന്ന നേഴ്സുമാരെ പൂക്കള്‍ വിതറിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെയും സാംസ്‌കാരിക നേതാക്കളുടെയും നേതൃത്വത്തില്‍ നഴ്സുമാരെ ഷാള്‍ അണിയിച്ചു. കൊവിഡിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളൊരുക്കുന്നതില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പ് പ്രവത്തകരെ സബ്‍കളക്ടര്‍ അനുമോദിച്ചു.

മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം കറുപ്പസാമി, തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെയിംസ് നൈനാന്‍, മിസ്റ്റ് സാമൂഹ്യ സേവന സൊസൈറ്റി ഡയറക്ടര്‍ ഫാ. ഷിന്‍റോ വേളിപറമ്പില്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധുനിക നഴ്സിംഗിന്‍റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേളിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന നഴ്സസ് ദിനത്തില്‍ സംഘടിപ്പിച്ച  ചടങ്ങിന് നേതൃത്വം നല്‍കിയത് മൈ മൂന്നാര്‍ മൂവ്മെന്റ് കോര്‍ഡിനേറ്റര്‍ സോജന്‍ ജി ആണ്.