Asianet News MalayalamAsianet News Malayalam

സ്ലീപിം​ഗ് ബസ്സുകൾക്ക് പിന്നാലെ ടെന്റ് ക്യാമ്പിംഗും ക്യാമ്പ് ഫയറും, മൂന്നാറിൽ കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം

പഴയ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപത്തുള്ള യൂക്കാലി തോട്ടത്തില്‍ രണ്ട് ടെന്റുകളും ക്യാമ്പ് ഫയര്‍ നടത്തുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. 

Munnar ksrtc depot starts news venture after sleeping busses
Author
Munnar, First Published Apr 12, 2021, 12:09 PM IST

ഇടുക്കി: സ്ലീപിം​ഗ് ബസുകള്‍ ലാഭത്തിലായതോടെ ടെന്റ് ക്യാമ്പിംഗും ക്യാമ്പ് ഫയറും ആരംഭിക്കാനൊരുങ്ങി മൂന്നാര്‍ കെ എസ് ആര്‍ ടി സി അധികൃതര്‍. ടൂറിസം വരുമാനമാര്‍ഗ്ഗം ആക്കുകയെന്ന  ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയം ആയതോടെയാണ് പുതിയ പദ്ധതിയുമായി കെ എസ് ആര്‍ ടി സി രംഗത്തെത്തിയത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ അന്തിയുറങ്ങുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെ എസ് ആര്‍ ടി സി സ്ലീപിംങ്ങ് ബസ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. 

പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ 14 ആരംഭിച്ച പദ്ധതി വിജയമായതോടെയാണ് മറ്റൊരു പദ്ധതിയുമായി അധിക്യതര്‍ രംഗത്തെത്തിയത്.  പഴയ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപത്തുള്ള യൂക്കാലി തോട്ടത്തില്‍ രണ്ട് ടെന്റുകളും ക്യാമ്പ് ഫയര്‍ നടത്തുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിച്ചത് സന്ദര്‍ശകർക്ക് തുറന്നുനല്‍കും. 

ഒരാള്‍ക്ക് 200 രൂപ നിരക്കില്‍ നാലുപേര്‍ക്ക് അന്തിയുറങ്ങള്‍ കഴിയുന്നതരത്തിലാണ് ടെന്റുകള്‍. മൊത്തമായി ടെന്റ് വാടകയ്‌ക്കെടുത്താല്‍ 700 രൂപയ്ക്ക് നല്‍കാനാണ് തീരുമാനം. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ അന്തിയുറങ്ങാന്‍ രണ്ട് സ്ലീംപിംങ്ങ് ബസുകളാണ് കെ എസ് ആര്‍ ടി സി ആദ്യഘട്ടത്തില്‍ എത്തിച്ചത്. പദ്ധതി ജനം നെഞ്ചിലേറ്റിയതോടെ ബസുകളുടെ എണ്ണം അഞ്ചായി. രണ്ടുദിവസത്തിനുള്ളില്‍ മറ്റൊന്നുകൂടി എത്തിക്കാനാണ് ലക്ഷ്യം. ആറുമാസത്തിനിടെ 18 ലക്ഷം രൂപയുടെ വരുമാനമാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്. ഇതുകൂടാതെ മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് സൈഡ് സീന്‍ സര്‍വ്വീസും നടത്തുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios