സോഷ്യൽ മീഡിയയിൽ ജനപ്രിയനായ പോലീസ് ഉദ്യോഗസ്ഥൻ എസ്ഐ ഷാനവാസിന്‍റെ ലഹരി വിരുദ്ധ പ്രസംഗം വൈറലാകുന്നു. കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും, രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ കഴിയാത്ത ലഹരി വസ്തുക്കളെക്കുറിച്ചും അദ്ദേഹം തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചു.
കൊല്ലം: ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ജനപ്രിയനായി മാറി സോഷ്യൽ മീഡിയയിൽ അടക്കം കയ്യടി നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് എസ് ഐ ഷാനവാസ്. ശാസ്താംകോട്ടയിൽ നിന്ന് പത്തനാപുരത്തേക്ക് എത്തിയതോടെ അവിടെയും ഷാനവാസ് താരമായി മാറി. ലഹരിക്കതിരായി ഇദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പത്തനാപുരത്തെ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ആയിരുന്നു എസ് ഐയുടെ പ്രസംഗം.
തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കിയായിരുന്നു പ്രസംഗം. കൗമാരക്കാരനിൽ നിന്ന് എംഡിഎംഐ കണ്ടെടുത്ത അമ്മയോട് ബൈക്കിന്‍റെ മൈലേജ് കൂട്ടാനുള്ള സാധനം ആണെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവം എസ്ഐ ഓർത്തെടുത്തു. പല ലഹരി ഉൽപ്പന്നങ്ങളും ഇന്നത്തെ രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ഇവരെ പുതുതലമുറ പറ്റിക്കുന്നു. ലഹരിയുടെ ബാലപാഠങ്ങൾ പലരും പഠിക്കുന്നത് വീട്ടിൽ നിന്നുതന്നെയാണ്. ലഹരിയുടെ ഉപയോഗത്താൽ കണ്ണ് തൂങ്ങുന്ന കുട്ടികൾ അത് തിരിച്ചറിയാതിരിക്കാൻ കണ്ണെഴുതുന്നു.
ഇങ്ങനെ കണ്ണെഴുതുന്ന ആൺകുട്ടികൾ ലഹരിക്കടിമപ്പെട്ടവരാണെന്ന സൂചനയാണ് വെളിവാക്കുന്നത്. ന്യൂജൻ കുട്ടികൾ പലരും ഒമ്പതുമണിക്ക് ശേഷം ആഹാരം കഴിക്കാനായി വീടുവിട്ടിറങ്ങുന്നു. കുട്ടികൾ ഏഴുമണിക്ക് ശേഷം പുറത്തു പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. കുട്ടികളുടെ കൂട്ടുകെട്ടുകളെ കുറിച്ച് രക്ഷിതാക്കൾ ചിന്തിക്കണം.
സിനിമയിലെ നല്ല വശങ്ങൾ എടുക്കാതെ മോശം വശങ്ങൾ ശീലമാക്കുന്നവരുണ്ട്. ഇനിയുള്ള തലമുറയെങ്കിലും ലഹരിയിൽ നിന്നും മാറ്റാൻ നമുക്ക് സാധിക്കണമെന്നും പ്രസംഗത്തിൽ ഷാനവാസ് പറയുന്നു. മില്യൺ കണക്കിനാളുകൾ വിവിധ സൈബർ ഇടങ്ങളിലായി ഇതിനോടകം പ്രസംഗം കണ്ടുകഴിഞ്ഞു. എസ്ഐ ഈ ഷാനവാസിന്‍റെ ഈ പ്രസംഗത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. കണ്ണെഴുതുന്ന കുട്ടികൾ ലഹരിക്കടിമപ്പെട്ടവരാണെന്നത് അടക്കുള്ള വാക്കുകളാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്.


