എല്ലാവരും യൂണിഫോമിനൊപ്പം പൊലീസ് നൽകുന്ന തിരിച്ചറിയൽ കാർഡും ധരിക്കണം. രാത്രി ഗൈഡായി നിൽക്കണമെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങണം. 

മൂന്നാർ: മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരെ ഔദ്യോഗിക ഓവർകോട്ട് ധരിപ്പിക്കാൻ പൊലീസ്. ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളെ സംരക്ഷിക്കുന്നതിനായാണ് പൊലീസിന്റെ നടപടി. ഇനി മുതൽ ഗൈഡ് എന്ന് എഴുതിയ ഓവർ കോട്ടോടുകൂടിയ യൂണിഫോം ധരിച്ചു നിൽക്കുന്നവരെ മാത്രമേ ഗൈഡുമാരെന്ന നിലയിൽ സഞ്ചാരികളെ സമീപിക്കാനും സേവനങ്ങൾ നൽകാനും അനുവദിക്കുകയുള്ളൂ.

കൂടാതെ മൂന്നാറില്‍ പൊലീസ് അനുവദിച്ച ഒന്‍പത് പോയിന്റുകളിൽ മാത്രമേ ഗൈഡുമാർക്ക് നിൽക്കാൻ അനുവാദമുള്ളു. ഒൻപതിടങ്ങളിലും ഗൈഡ് ബോർഡുകൾ പൊലീസ് സ്ഥാപിക്കും. എല്ലാവരും യൂണിഫോമിനൊപ്പം പൊലീസ് നൽകുന്ന തിരിച്ചറിയൽ കാർഡും ധരിക്കണം. രാത്രി ഗൈഡായി നിൽക്കണമെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങണം. പൊലീസ് തയാറാക്കുന്ന നിയമാവലി അനുസരിച്ചു വേണം ജോലിചെയ്യാൻ . മദ്യപിച്ചെത്തുന്ന ടൂറിസ്റ്റ് ഗൈഡുമാർക്കെതിരെ കർശന നടപടികളെടുക്കും. 

വാട്സാപ് വഴി അതത് സമയങ്ങളില്‍ പൊലീസ് നൽകുന്ന നിർദേശങ്ങൾ ടൂറിസ്റ്റ് ഗൈഡുമാ കർശനമായി പാലിക്കണം. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാനും ഇന്നലെ നടന്ന ഗൈഡുമാരുടെയും പൊലീസിന്റെയും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ഡി.വൈ.എസ്.പി അലക്സ് ബേബി, എസ്.എച്ച്.ഒ രാജൻ കെ.അരമന, എസ്.ഐ എം.കെ.നിസാർ, മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന 75 ടൂറിസ്റ്റ് ഗൈഡുമാർ എന്നിവർ പങ്കെടുത്തു. 

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് മുറിവാടക, ടാക്സി കൂലി തുടങ്ങിയ കാര്യങ്ങളിൽ വൻ തുക ഈടാക്കി ചൂഷണം ചെയ്യുന്നതായുള്ള വ്യാപക പരാതികൾ ഉയർന്നതോടെ ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഗൈഡുമാരുടെ അടിയന്തിര യോഗം വിളിച്ചത്.

Read also: ഓണാവധിക്കാലത്തിനായി മൂന്നാര്‍ ഒരുങ്ങുന്നു; ഇക്കുറി സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി പുതിയ പദ്ധതികള്‍

മുറിയിൽ സ്ത്രീകളെ എത്തിക്കാമെന്ന് വാ​ഗ്​ദാനം, തമിഴ്നാട് സ്വദേശി മൂന്നാറിലെത്തി, പണം തട്ടി മുങ്ങി യുവാവ് 
മൂന്നാർ:
 സ്ത്രീകളെ മുറിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് വിനോദസഞ്ചാരിയിൽ നിന്ന് മൂന്നാർ സ്വദേശി പണം തട്ടിയെടുത്തതായി പരാതി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പണം തിരികെ നൽകി. ചെന്നൈ സ്വദേശിയായ യുവാവിൽ നിന്നാണ് ഗൈഡ് എന്നു പറഞ്ഞ് മൂന്നാർ സ്വദേശി ഓൺലൈനായി 3000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നാറിലെത്തിയ യുവാവ് മുറിയെടുത്ത ശേഷം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആർ ഒ കവല, ജിഎച്ച് റോഡ് എന്നിവിടങ്ങളിൽ എത്താൻ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തിയെങ്കിലും ആരെയും കാണാതെ വന്നതോടെയാണു തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. യുവാവ് കൈമാറിയ ഫോൺ നമ്പറിൽ എസ്എച്ച്ഒ രാജൻ കെ അരമന, എസ്ഐ എം കെ നിസാർ എന്നിവർ ബന്ധപ്പെട്ടതോടെ ഉടൻ തന്നെ ഇയാൾ പണം ചെന്നൈ സ്വദേശിക്കു ഗൂഗിൾപേ വഴി നൽകുകയായിരുന്നു.

ഇയാളുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സ്വദേശിയായ യുവാവ് വെബ്സൈറ്റ് വഴിയാണ് മൂന്നാറുകാരനായ യുവാവുമായി പരിചയപ്പെട്ടത്. തട്ടിപ്പു നടത്തിയ യുവാവിന്റെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയു ള്ള വിവരങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. 

Read also: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സിപിഎം ഓഫീസിൽ പുലർച്ചെ വരെ പണി; ഉത്തരവ് കിട്ടിയില്ലെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...