ഇടുക്കി: മൂന്നാറിലെ മാതൃകാ ഡ്രൈവര്‍മാർക്ക് പ്രത്യേക സംവിധാനമൊരുക്കി മൂന്നാര്‍ പൊലീസ്. തോട്ടം മേഖലയിലേക്ക് സമാന്തര സര്‍വ്വീസ് നടത്തുന്ന നൂറില്‍പരം ഡ്രൈവര്‍മാര്‍ക്കാണ് പൊലീസ് കളര്‍കോഡിംങ്ങിലൂടെ പ്രത്യേക സംവിധാനം ഒരുക്കുന്നത്. ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്ത സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന വാഹനങ്ങള്‍ക്കാണ് ഇത്തരം കളര്‍കോഡിംങ് നല്‍കുന്നത്.
 
മൂന്നാറിലെ തേയിലത്തോട്ടം, കാട്ടാനകള്‍, നീലക്കുറുഞ്ഞി, വരയാട്, കാട്ടുപോത്ത്, ടാറ്റാ ടീ ഗ്രൗണ്ട്, ഹൈ ആള്‍ട്ടിട്ട്യൂഡ് സ്‌റ്റേഡിയം എന്നിവയുടെ ദ്യശ്യങ്ങളടങ്ങിയ സ്റ്റിക്കര്‍ വാഹനങ്ങളില്‍ പതിപ്പിക്കും. ടൗണില്‍ നിലവില്‍ പന്ത്രണ്ടോളം ഓട്ടോ സ്റ്റാന്റുകളാണ് നിലവിലുള്ളത്. നിരവധി ഓട്ടോകള്‍ ടൂറിസം മേഘലകള്‍ കേന്ദ്രീകരിച്ചും തോട്ടം മേഘലകള്‍ കേന്ദ്രീകരിച്ചും സമാന്തരസര്‍വ്വീസ് നടത്തുന്നു. എന്നാല്‍ പല ഓട്ടോകൾക്കും സര്‍ക്കാര്‍ നിര്‍കര്‍ഷിക്കുന്ന രേഖകളില്ല. മാത്രമല്ല ഇത്തരം ഓട്ടോകള്‍ അലക്ഷ്യമായി ടൗണില്‍ നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിനും ഇടയാക്കുന്നു. 

ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ മൂന്നാറിലെ അനധികൃത ഓട്ടോകള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഓട്ടോകളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ വൈകുന്നേരങ്ങളില്‍ അനധികൃതമായി ഓട്ടോകള്‍ സ്റ്റാന്റുകളില്‍ എത്തുന്നത് തടയുന്നതിന് അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇത്തരം ഓട്ടോകളെ നിയന്ത്രിക്കുന്നതിന് ബദല്‍സംവിധാനം ഏര്‍പ്പെടുത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചത്.
 
ആദ്യഘട്ടമെന്ന നിലയില്‍ ഏഴു സ്റ്റാന്റുകളിൽ വിവിധ നിറത്തിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മാതൃകാ ഡ്രൈവര്‍മാക്ക് മാത്രമാണ് സ്റ്റിക്കറുകള്‍ നല്‍കുക.  ഇവര്‍ പൊലീസിന്റെ ഭാഗമായി നിന്ന് പ്രവര്‍ത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം മൂന്നാര്‍ ഡി.വൈ.എസ്.പി എം. രമേഷ് കുമാര്‍ നിര്‍വ്വഹിച്ചു. കളര്‍കോഡിംങ് സംവിധാനത്തിന്റെ ഭാഗമാകുന്ന ഡ്രൈവര്‍ രണ്ടുതരം പ്രവര്‍ത്തികള്‍ ചെയ്യും. ഒന്ന് സന്ദര്‍ശകരെ മൂന്നാറിലെ വിവിധ മേഘലകളിൽ സുരക്ഷിതിമായി ചുറ്റിക്കാട്ടണം, മറ്റൊന്ന് ഗൈഡായി പ്രവര്‍ത്തിക്കണം. ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ ഭാഗമായി പൊലീസ് തുടങ്ങിയ പദ്ധതി ഫലം കാണുമെന്ന് ഡ്രൈവര്‍മാരും പറയുന്നു.