മൂന്നാർ: ഇടുക്കിയിലെ ചെറുകിട തേയില കർഷകർ സമരത്തിലേക്ക്. സബ്സിഡി വാ​ഗ്‍ദാനം ആറുവർഷം കഴിഞ്ഞിട്ടും നടപ്പാകാത്തതിൽ പ്രതിഷേധിച്ചാണ് ടീ ബോർഡിന് മുന്നിൽ കുടുംബത്തോടെ നിരാഹാരം കിടക്കാൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്.

വാഹനങ്ങളും മെഷീനുകളും വാങ്ങാൻ സൊസൈറ്റികൾക്കും, പുതുക്കൃഷിക്കും ആവർത്തനക്കൃഷിക്കും കർഷകർക്കും സബ്സിഡി നൽകുമെന്നായിരുന്നു വാ​ഗ്‍ദാനം. ടീ ബോർഡിന്റെ ഈ വാക്ക് വിശ്വസിച്ച് പുരയിടവും സ്വർണ്ണവും പണം വച്ച് കൃഷി ചെയ്യാനിറങ്ങിയ ഇടുക്കിയിലെ അറനൂറിലധികം കൃഷിക്കാർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണുള്ളത്. ഇടുക്കി പാക്കേജിൽ നിന്ന് പണം കിട്ടുമെന്ന പേരിൽ ഹാർവെസ്റ്റ് മെഷീനും ത്രാസും വാങ്ങിയ കർഷരും പ്രതിസന്ധിയിലാണ്.

സമരപരമ്പരകളുടെ ആദ്യഘട്ടമായി മറ്റന്നാൾ കർഷകരും കുടുംബങ്ങളും ടീബോർഡിന് മുന്നിൽ ഏകദിന നിരാഹാരം കിടക്കും. എന്നിട്ടും പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കാമാണ് സമരസമിതിയുടെ തീരുമാനമെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ സി സ്റ്റീഫൻ പറഞ്ഞു. അതേസമയം, കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് കിട്ടാത്തതാണ് പ്രശ്നമെന്നാണ് ടീ ബോർഡിന്റെ വിശദീകരണം.