പാർക്ക‍ർ ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പൾസർ സുനിയുടെ മാസ് റീലുകൾ തുടർച്ചയായി വരുന്നത്

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയ്ക്കെതിരായ അതിജീവിതയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ് ചർച്ചയാവുന്നതിനിടെ വൈറലായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാനപ്രതിയുടെ റീലുകൾ. കൂളിംഗ് ഗ്ലാസ് ധരിച്ച്, മൊബൈലിൽ സംസാരിച്ച് മാസ് ബിജിഎമ്മുമായുള്ള പൾസർ സുനിയുടെ റീൽ വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. കോടതിയിൽ നിന്ന് പൾസ‍ർ സുനി ഇറങ്ങി വരുന്നത് അടക്കമുള്ള വീഡിയോകളാണ് വൈറലാവുന്നത്. പാർക്ക‍ർ ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പൾസർ സുനിയുടെ മാസ് റീലുകൾ തുടർച്ചയായി വരുന്നത്. റീലുകൾക്ക് വിമ‍ർശനം ഉയർത്തിയ സ്ത്രീകളടക്കമുള്ളവർക്ക് പ്രതികരണമായി ഭീഷണിയാണ് പാർക്കർ ഫോട്ടോഗ്രാഫിയുടെ പേരിലെത്തിയത്. പള്‍സര്‍ സുനിയെ ന്യായീകരിച്ചും ലവ്, ഫയര്‍ ഇമോജികളും ഈ വീഡിയോയ്ക്ക് പ്രതികരണമായി ലഭിക്കുന്നു. പൾസർ സുനിയെ അധോലോക നായകനായി ചിത്രീകരിക്കുന്ന മാസ് വീഡിയോകളാണ് ഇവയിൽ ഏറെയും. ആ ചിരിയാണ് സാറേ മെയിന്‍ എന്ന കുറിപ്പോടെയാണ് ഒരു ദിവസം മുൻപ് പൾസർ സുനിയുടെ വീഡിയോ ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായതോടെ കമന്റ് ബോക്സ് അടച്ചാണ് പാർക്കർ ഫോട്ടോഗ്രാഫി വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്.

പൾസർ സുനിയ കോടതിയിലേക്ക് എത്തിക്കുന്ന വീഡിയോ അടക്കം വൈറൽ ബിജിഎമ്മോടെ വൻ താരപരിവേഷം നൽകിയുള്ള റീലുകൾക്ക് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. ഈ വീഡിയോകൾക്ക് പള്‍സര്‍ സുനിയെ ന്യായീകരിച്ച് നിരവധി പേർ എത്തുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.

ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം