കാസർകോട് ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ആന്റോ സെബാസ്റ്റ്യനെ വയനാട് പോലീസ് പിടികൂടി. പെയിന്റിങ് തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുൽപ്പള്ളിയിൽ നിന്നാണ് പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
പുല്‍പ്പള്ളി: കാസർകോട് ബദിയടുക്കയിൽ റബര്‍ എസ്റ്റേറ്റിലെ വീട്ടില്‍ കൊല്ലം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. മേപ്പാടി തൃക്കൈപ്പറ്റ മൂങ്ങനാനിയിടം വീട് ആന്റോ സെബാസ്റ്റ്യനെ(41) വയനാട് പൊലീസാണ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് കാപ്പിസെറ്റ്, ഊട്ടിക്കവലയില്‍ നിന്ന് വെള്ളിയാഴ്‌ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്റണി എന്ന പേരില്‍ പെരിക്കല്ലൂര്‍ മൂന്ന്പാലത്ത് ഒരു വാടകവീട്ടില്‍ പെയിന്റിങ്ങ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. കര്‍ണാടകയില്‍ ഒളിവിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് വെള്ളിയാഴ്ച എത്തിയത്. പ്രതിയെ പിടികൂടിയ ശേഷം ബദിയടുക്ക പോലീസിന് കൈമാറി.
ബദിയഡുക്ക ഷേണി ഗ്രാമത്തിലെ മഞ്ഞാറയിൽ ടാപ്പിങ് തൊഴിലാളിയായിരുന്നു ആന്റോ. കൂടെ താമസിരുന്ന നീതു കൃഷ്ണയെയാണ് 2023 ജനുവരി 26 ന് ഇയാൾ കൊലപ്പെടുത്തിയത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞു വെച്ച ശേഷം ഇയാള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ കഴിച്ചുകൂട്ടി. പിന്നീട് വാതില്‍ പുറത്ത് നിന്ന് പൂട്ടി മുങ്ങിയ ഇയാളെ അധികം വൈകാതെ പൊലീസ് പിടികൂടിയിരുന്നു. ആറ് മാസത്തോളം ശിക്ഷയനുഭവിച്ച പ്രതി 2023 ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് ഒളിവിൽ പോവുകയായിരുന്നു.


