Asianet News MalayalamAsianet News Malayalam

ലഹരി വിമുക്ത കേന്ദ്രത്തിലെ കൊലപാതകം; സ്‌കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ട അന്തേവാസി പൊലീസ് പിടിയില്‍

ലഹരിക്ക് അടിമയായ ബിജോയ് പെട്ടെന്ന് അക്രമാസക്തനാകുകയും തുടർന്ന് സമീപത്ത് നിക്കുകയായിരുന്ന വിജയനെ ചെടിച്ചട്ടി കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടും അക്രമിക്കുകയുമായിരുന്നു. 

Murder at drug addiction center accused stole the scooter and escaped has been arrested
Author
First Published Nov 17, 2022, 12:33 PM IST


തിരുവനന്തപുരം:  വെള്ളനാട് കരുണാസായി ലഹരി വിമോചന കേന്ദ്രത്തിൽ നടത്തിയ കൊലപാതകത്തിന് ശേഷം മരത്തിലൂടെ ഊഴ്ന്നിറഞ്ഞി സ്‌കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ട അന്തേവാസി പൊലീസ് പിടിയിലായി. ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞ ആളെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷമാണ് കൊല്ലം പരവൂർ പൂതക്കുളം പുത്തൻ വീട്ടിൽ എസ്.ബിജോയി (25)  ഇവിടെ നിന്നും രക്ഷപ്പെട്ടത്. ചിറയിൻകീഴ് നിന്ന് ഷാഡോ പൊലീസ് സംഘം ഇയാളെ സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. 

കഴക്കൂട്ടം ഉള്ളൂർക്കോണം വടക്കുംകര പുത്തൻ വീട്ടിൽ എം.വിജയ (50) നെയാണ് ബിജോയി ചെടിച്ചട്ടി കൊണ്ട്  തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മദ്യപാനം നിർത്താനായി ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സംഭവത്തിൽ ലഹരി വിമോചന കേന്ദ്രത്തിൽ ബിജോയിയ്ക്ക് കൂട്ടിരുന്ന ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ്  സംഭവമെന്ന് പൊലീസ് പറയുന്നു. 

ലഹരിക്ക് അടിമയായ ബിജോയ് പെട്ടെന്ന് അക്രമാസക്തനാകുകയും തുടർന്ന് സമീപത്ത് നിക്കുകയായിരുന്ന വിജയനെ ചെടിച്ചട്ടി കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടും അക്രമിക്കുകയുമായിരുന്നു. അടിയേറ്റ വിജയൻ ചോരവാർന്ന് നിലത്ത് വീണെങ്കിലും അക്രമാസക്തമായ ബിജോയിയെ ഭയന്ന് ആരും സമീപത്തേക്ക് പോയില്ല. ഇതിനിടയിൽ ലഹരി വിമോചന കേന്ദ്രത്തിന്‍റെ ജനൽ ചില്ലുകളും ബിജോയ് അടിച്ചു തകർത്തു. ഇതിനിടെ ലഹരി വിമാചന കേന്ദ്രത്തില്‍ നിന്നും അറിയിച്ചതനുസരിച്ച് പൊലീസ് വരുന്നത് കണ്ട ഉടനെ ബിജോയ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേയ്ക്ക് ഓടിക്കയറുകയും ഇവിടെയുള്ള  ഗ്രില്ലിന്‍റെ പൂട്ട് തകർത്ത് സമീപത്തേക്ക് ചാഞ്ഞ് നിന്ന റബർ മരത്തിലൂടെ മതിലിന് പുറത്തേക്ക് കടക്കുകയുമായിരുന്നു. 

തുടർന്ന് സമീപത്തെ തോട്ടത്തിലൂടെ നടന്ന് റോഡിലേക്ക് എത്തിയ പ്രതി ഇവിടെ ഒരു സ്‌കൂട്ടറിൽ താക്കോൽ ഇരിക്കുന്നത് കണ്ട്, ഇതുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ വിജയനെ പൊലീസ് ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവ ശേഷം സ്‌കൂട്ടറിൽ കടന്ന പ്രതി, അഴിക്കോട് പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയതായും പൊലീസ് പറഞ്ഞു. സംഭവ ശേഷം പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. വർക്കലയിൽ സഹോദരിയെ കാണാനായി ബിജോയി എത്തിയപ്പോളായിരുന്നു പൊലീസ് സംഘം ഇയാളെ പിടികൂടിയത്. 

കൂടുതല്‍ വായനയ്ക്ക്:  ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു, പ്രതിക്കായി തെരച്ചില്‍


 

Follow Us:
Download App:
  • android
  • ios