കിണറ്റില്‍നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ച് പ്രതികളും പരുക്കേറ്റ തങ്കപ്പനും തമ്മില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു

തൃശൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒരു വര്‍ഷവും നാല് മാസവും തടവിനും 2000 രൂപ പിഴയടയ്ക്കുന്നതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. മങ്ങാട് കോട്ടപ്പുറം നാലാംകല്ല് മൂത്തേടത്ത് പറമ്പില്‍ ചിന്നവീരക്കുട്ടി മകന്‍ തങ്കപ്പനെ (60) ആക്രമിച്ച കേസില്‍ മങ്ങാട് കോട്ടപ്പുറം മൂത്തേടത്ത് പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍, രാജേഷ്, മൂത്തേടത്ത് പറമ്പില്‍ പൊന്നു, പള്ളിക്കുന്നത്ത് വിജേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. 2020 ജൂലൈ 14 ന് മങ്ങാട് തോട്ടുപ്പാലത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. കിണറ്റില്‍നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ച് പ്രതികളും പരുക്കേറ്റ തങ്കപ്പനും തമ്മില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്താല്‍ സംഭവദിവസം റോഡിലൂടെ നടന്നു വരികയായിരുന്ന തങ്കപ്പനെ പ്രതികള്‍ സംഘം ചേര്‍ന്ന് തെങ്ങിന്റെ പട്ടികവടി കൊണ്ടും കൈകള്‍ കൊണ്ടും അടിച്ചും ഇടിച്ചും പരുക്കേല്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ കഴുത്തിനും നട്ടെല്ലിനും പരുക്കേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തു. എരുമപ്പെട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.കെ. ഭൂപേഷാണ് കേസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ലാജു ലാസര്‍, അഡ്വ. എ.പി. പ്രവീണ എന്നിവര്‍ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം