മണ്‍റോതുരുത്ത്: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്‍റെ കുടുംബം വോട്ട് ചെയ്തു. വില്ലിമംഗലം വാര്‍ഡിലെ പിഎച്ച് സബ്സെന്‍റര്‍ ഒന്നാംബൂത്തിലാണ് മണിലാലിന്‍റെ ഭാര്യ രേണുക, മകള്‍ നിധി എന്നിവര്‍ വോട്ട് ചെയ്തത്. 

ബന്ധുക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാണ് ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇയൊരു അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുത്. അവര്‍ എന്നെയും മക്കളെയും അനാഥരാക്കി. ഭര്‍ത്താവ് വിശ്വസിച്ച പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ ദൌത്യം ഏറ്റെടുത്താണ് വോട്ട് ചെയ്യാന്‍ എത്തിയത്- വോട്ട് ചെയ്ത ശേഷം മണിലാലിന്‍റെ ഭാര്യ പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് മണ്‍റോതുരുത്ത് സ്വദേശിയായ മണിലാല്‍ കൊല്ലപ്പെട്ടത്. മണ്‍റോതുരുത്ത് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മണിലാല്‍ എന്ന അമ്പതുകാരന്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് കുത്തേറ്റത്. നാട്ടുകാരന്‍ തന്നെയായ അശോകന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മണിലാലിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി പാര്‍ട്ടി അംഗത്വം നല്‍കിയ ആളാണ് അശോകനെന്നും മണിലാലിനെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നും  സിപിഎം ആരോപിക്കുന്നു. അശോകന്‍ അടക്കം രണ്ടുപേര്‍ കേസില്‍ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായ അന്വേഷണം നടത്തും എന്നാണ് സംഭവത്തില്‍ കൊല്ലം എസ്പി അറിയിച്ചത്.