അറുപത് ശതമാനം ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 


ഇടുക്കി: ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഒരു കുട്ടി, അധ്യാപകരില്‍ ഒരാള്‍ കൊണ്ടുവന്ന ഇഡ്‌ലി അതിവേഗം കഴിക്കുന്നത് ഒരുമാസം മുമ്പാണ് ലിന്‍സി ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുന്നത്. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിക്കുന്നതും കണ്ടതോടെ ലിന്‍സി ടീച്ചര്‍ കാര്യമന്വേഷിച്ചു. ആ അന്വേഷണം എത്തിചേര്‍ന്നത്, സ്കൂളിലെ പ്രൈമറി ക്ലാസിലെ കുട്ടികളുടെ പട്ടിണിയിലായിരുന്നു. മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പല വിദ്യാര്‍ത്ഥികളും രാവിലെ ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നതെന്ന് ടീച്ചര്‍ക്ക് തിരിച്ചറിഞ്ഞു. 

അറുപത് ശതമാനം ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണത്തിന് സര്‍ക്കാര്‍ സംവിധാനമുണ്ടെങ്കിലും അത് എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മാത്രമാണുള്ളത്. കുട്ടികളില്‍ പലരും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെന്നറിഞ്ഞതോടെ ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്കും പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു. 

ഇതോടെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 'സ്‌നേഹവല'ത്തെ ഇവര്‍ വിവരം അറിയിച്ചു. അങ്ങനെ പിടിഎയുടെയും സുമനസുകളുടെ സഹായത്തോടെയും കൂടി സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നതിന് തീരുമാനമായി. സ്‌കൂളില്‍ അധ്യാപകര്‍ നല്‍കിയ പട്ടിക അനുസരിച്ച് അര്‍ഹതപ്പെട്ട കുട്ടികള്‍ക്കാണ് രാവിലെ വയറുനിറച്ച് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലത്തെ ഭക്ഷണം 9.30 ന് നല്‍കും. അപ്പം, ദോശ, ഉപ്പുമാവ്, കൊഴുക്കട്ട തുടങ്ങിയവ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഉച്ചഭക്ഷണത്തിനായി അധ്യാപികയായ ലിന്‍സി ജോര്‍ജ്ജ് 10,000 രൂപ ചിലവഴിക്കുന്നുണ്ട്. ഈ പണം കൂടി ചേര്‍ത്താണ് പ്രഭാത ഭക്ഷണമെന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പതിനഞ്ച് വര്‍ഷമായി ഈ സ്കൂളിലെ അധ്യാപികയാണ് ലിന്‍സി ടീച്ചര്‍.