മലപ്പുറം: രാഹുൽ ഗാന്ധിയുടെ  മലപ്പുറം വഴിക്കടവിലെ സന്ദർശനത്തിൽ    മുസ്ലീം ലീഗിനെ കോൺഗ്രസ് അവഗണിച്ചെന്ന് പരാതി. കോൺഗ്രസിനോട് പ്രതിഷേധിച്ച്  മുസ്ലീം ലീഗ് പ്രാദേശിക നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

രാഹുല്‍ഗാന്ധിയുടെ വഴിക്കടവ് ആനമറിയിലെ പരിപാടിയാണ് മുസ്ലീം ലീഗ് നേതാക്കള്‍ ബഹിഷ്ക്കരിച്ചത്. മണ്ണിടിഞ്ഞ് വീട് തര്‍ന്ന രണ്ട് പേരുടെ ബന്ധുക്കളെക്കാണാനാണ് രാഹുല്‍ ഗാന്ധി വഴിക്കടവ് ആനമറിയിലെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമേഖലയായ വഴിക്കടവില്‍ കനത്ത സുരക്ഷയാണ് പൊലീസും എസ്‍പിജിയും ഏര്‍പെടുത്തിയിരുന്നത്. രാഹുല്‍ ഗാന്ധി പത്തു മണിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും എട്ടുമണിയോടെതന്നെ റോഡ് ബ്ലോക്ക് ചെയ്തും കയര്‍കെട്ടി ആളുകളെ തടഞ്ഞുമൊക്കെ പ്രദേശത്തിന്‍റെ നിയന്ത്രണം പൊലീസും എസ്‍പിജിയും ഏറ്റെടുത്തിരുന്നു. 

ഇതിനിടയിലാണ് മുസ്ലീം ലീഗ് നേതാക്കള്‍ സ്ഥലത്തെത്തിയത്. യുഡിഎഫിന്‍റെ വഴിക്കടവ് മണ്ഡലം ചെയര്‍മാൻ മച്ചിങ്ങല്‍ കുഞ്ഞു അടക്കമുള്ള ലീഗ് നേതാക്കളെ പൊലീസ് തടഞ്ഞു. പാസുണ്ടെങ്കില്‍ മാത്രമേ കടത്തിവിടുകയുള്ളൂവെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഇതോടെ ലീഗ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാതെ ഒന്നിച്ച് മടങ്ങി. യുഡിഎഫിന് അനുവദിച്ച   പാസുകള്‍ കോൺഗ്രസ് പ്രാദേശിക നേതാക്കള്‍ മാത്രം പങ്കിട്ടെടുത്തെന്നാണ് ലീഗ് നേതാക്കളുടെ പരാതി. സുരക്ഷയുടെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ അംഗീകരിക്കുന്നുവെങ്കിലും   പ്രവർത്തകർക്ക് അവഗണനയുണ്ടായാൽ ഇടപെടുമെന്ന് പി.വി.അബ്ദുൾ വഹാബ് എം പി പറഞ്ഞു.

മുസ്ലീം ലീഗിനെ അവഗണിക്കുന്ന സമീപനം മനപൂര്‍വമായി ഉണ്ടായിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം. വഴിക്കടവിലെ പരാതി പ്രത്യേകമായി
പരിശോധിക്കുമെന്നും പരിഹരിക്കുമെന്നും നേതൃത്വം അറിയിച്ചു.