Asianet News MalayalamAsianet News Malayalam

'സാര്‍' വിളിയോട് കടക്ക് പുറത്ത് പറഞ്ഞ് മുസ്ലിം ലീഗ്; 60 പഞ്ചായത്തുകളില്‍ നടപ്പാക്കും

ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പാണ് സാര്‍ വിളിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
 

Muslim league decide avoid 'sir' in 60 panchayat
Author
Malappuram, First Published Sep 24, 2021, 9:31 AM IST

മലപ്പുറം: മുസ്ലിം ലീഗ് ഭരിക്കുന്ന 60 പഞ്ചായത്തുകളില്‍ ഇനി ഉദ്യോഗസ്ഥരെ സാര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടെന്ന് തീരുമാനം. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ സാര്‍ വിളി വേണ്ടെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷന്മാരുടെ സംഘടനയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗിന്റെ യോഗത്തിലാണ് തീരുമാനം.

തീരുമാനം വൈകാതെ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാനായി എല്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗം ചേരും. ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പാണ് സാര്‍ വിളിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഭരിക്കുന്നവര്‍ യജമാനന്മാരും പൊതുജനം ദാസന്മാരുമാണെന്ന സങ്കല്‍പത്തില്‍ നിന്നാണ് സാര്‍ വിളി ഉണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ പൊതുജനമാണ് യജമാനന്മാരെന്നും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാനാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും ലീഗ് ഭാരവാഹികള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട്ടെ മാത്തൂര്‍ പഞ്ചായത്താണ് ആദ്യം സാര്‍ അഭിസംബോധന ഒഴിവാക്കിയത്. അതിന് പിന്നാലെ നിരവധി പഞ്ചായത്തുകളും സാര്‍ വിളി ഒഴിവാക്കി. എന്നാല്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ഈ വിഷയത്തില്‍ പൊതുതീരുമാനമെടുക്കുന്നത് ആദ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios