കാസർകോട്: ജന്മാഷ്ടമി ദിനത്തില്‍ ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി നഗരസഭാ ലൈബ്രറിക്ക് നല്‍കി കാസര്‍കോട് സ്വദേശി. സ്വാകാര്യ ശേഖരത്തില്‍ നിന്നാണ് 840 പേജുള്ള കയ്യെഴുത്ത് പ്രതി ഡോക്ടര്‍ ടി പി അഹമ്മദലി കാസര്‍കോട് നഗരസഭാ ലൈബ്രറിക്ക് നല്‍കിയത്. 40 കൊല്ലം മുൻപ് ലണ്ടനിൽ നിന്ന് സ്വന്തമാക്കിയതാണ് ഈ പകര്‍പ്പ്. 

പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറിന്‍റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്ന ഷെയ്ഖ് അബു അൽ ഫൈസിയാണ് ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. ചിത്രങ്ങള്‍ സഹിതം ഗദ്യരൂപത്തിലുള്ളതാണ് കയ്യെഴുത്ത് പ്രതി.  

മംഗളൂരു ദേർലകട്ടെയിൽ മാംഗളൂർ സര്‍വ്വകലാശാലയ്ക്കടുത്താണ് എഴുപത്തിയെട്ടുകാരനായ ടി പി അഹമ്മദലി താമസിക്കുന്നത്. അഹമ്മദലിയുടെ  പിതാവ് പരേതനായ തെക്കിൽ പുതിയ മാളിക മുഹമ്മദ് കുഞ്ഞി സംഭാവന ചെയ്ത സ്ഥലത്താണ് കാസർകോട് മഹാത്മാഗാന്ധി സെന്‍റിനറി മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി പ്രവർത്തിക്കുന്നത്. പേർഷ്യൻ ഭഗവദ്ഗീത പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടി പി അഹമ്മദലി പറയുന്നു.