രോഗശയ്യയിലായിരിക്കെ അടുപ്പമുള്ള സിസ്റ്ററോട് തന്നെ ഹൈന്ദവ ആചാര പ്രകാരം സംസ്കരിക്കണമെന്ന് രാഖി ആഗ്രഹം പറഞ്ഞിരുന്നു. ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ ഒരു മകന്‍റെ സ്ഥാനത്തു നിന്ന് കർമങ്ങൾ താൻ ചെയ്തോളാം എന്ന് സഫീർ പറഞ്ഞു.

തിരുവനന്തപുരം: ആരോരുമില്ലാത്ത ഇതര സംസ്ഥാനക്കാരിയുടെ ആഗ്രഹം സഫലമാക്കാൻ ഹൈന്ദവ ആചാര പ്രകാരം മരണാനന്തരക്രിയ നടത്തി മുസ്ലിം പഞ്ചായത്ത് അംഗം. അർബുദ ബാധയെ തുടർന്ന് മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാഖിയുടെ മൃതദേഹമാണ് കഴക്കൂട്ടത്തെ ശ്മശാനത്തില്‍ കഠിനംകുളം ചിറ്റാറ്റ്മുക്ക് വാര്‍ഡ് മെംബര്‍ സഫീർ അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്കരിച്ചത്.

രാഖി അവസാന ആഗ്രഹം പറഞ്ഞത് സിസ്റ്ററോട്

മാനസിക പ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങിയ രാഖിയെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗം ഭേദമായതോടെ ആശുപത്രി അധികൃതർ ഇവരെ കഴക്കൂട്ടം മേനംകുളത്തുള്ള ലത്തീൻ കത്തോലിക്കാ സഭയുടെ ബെനഡിക്ട് മിന്നി എന്ന സന്യാസിനികളുടെ ആശ്രമത്തിലേക്ക് മാറ്റി. ഇവിടെ കഴിയവെയാണ് അർബുദ രോഗിയായത്. ബന്ധുക്കളോ പരിചയക്കാരോ ആരേയും കണ്ടെത്താനായിരുന്നില്ല. രോഗം മൂർച്ഛിച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. രോഗശയ്യയിലായിരിക്കെ അടുപ്പമുള്ള സിസ്റ്ററോട് തന്നെ ഹൈന്ദവ ആചാര പ്രകാരം തന്നെ സംസ്കരിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. സംസ്കാരത്തിന് മുമ്പ് നിയമ നടപടികൾ പൂർത്തീകരിക്കാനാണ് ആശ്രമത്തിലെ സന്യാസിനിമാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും വാർഡ് അംഗവുമായ ടി സഫീറിനെ ബന്ധപ്പെട്ടത്.

അന്ത്യകർമം ഏറ്റെടുത്ത് സഫീർ

വിവരമറിഞ്ഞ സഫീർ അതേസമയം ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായ എ എച്ച് ഹഫീസിനൊപ്പം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മൃതദേഹം ആശുപത്രി അധികൃതത്തിൽ നിന്നും ഏറ്റുവാങ്ങി മഠത്തിൽ എത്തിച്ചു. അപ്പോഴാണ് തന്നെ ഹൈന്ദവ ആചാര പ്രകാരം സംസ്കരിക്കണമെന്ന് ആഗ്രഹം രാഖി പറഞ്ഞതായി കന്യാസ്ത്രീകൾ വെളിപ്പെടുത്തിയത്. ഇതോടെ ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ ഒരു മകന്‍റെ സ്ഥാനത്തു നിന്ന് കർമങ്ങൾ താൻ ചെയ്തോളാം എന്ന് സഫീർ പറഞ്ഞു. ഒരുക്കങ്ങൾ എല്ലാം നടത്തി കഴക്കൂട്ടം ശാന്തിതീരത്ത് രാഖിയുടെ ആഗ്രഹം പോലെ തന്നെ ഹൈന്ദവ ആചാര പ്രകാരം സംസ്കാര ചടങ്ങുകൾ നടത്തി. ചൊവ്വാഴ്ച രാവിലെ ഏഴിന് ഹഫീസും സഫീറും കന്യാസ്ത്രീകളും ശാന്തിതീരത്ത് എത്തി ചിതാഭസ്മം ഏറ്റുവാങ്ങി തുടർ കർമ്മങ്ങളും ഉടൻ നിർവഹിക്കും. വർക്കലയിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യുമെന്ന് സഫീർ പറഞ്ഞു.