മെഡിക്കൽ സംഘത്തിന്‍റെ അകമ്പടിയോടെയാണ് മാറ്റിവെയ്ക്കാനുള്ള ഹൃദയം സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചത്. ഓഗസ്റ്റിൽ നമ്മ മെട്രോയിൽ കരൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ബെംഗളൂരു: മിടിക്കുന്ന മനുഷ്യ ഹൃദയവും വഹിച്ച് പാഞ്ഞ് ബെംഗളൂരു നമ്മ മെട്രോ. ഇതാദ്യമായാണ് മാറ്റിവെയ്ക്കാനുള്ള ഹൃദയം മെട്രോയിൽ ആശുപത്രിയിൽ എത്തിക്കുന്നത്. കഴിഞ്ഞ മാസം കരൾ മെട്രോ വഴി ആശുപത്രിയിൽ എത്തിച്ചിരുന്നു. സ്പർശ് ആശുപത്രിയിൽ നിന്ന് ഹൃദയം ആദ്യം യെശ്വന്ത്പൂർ മെട്രോ സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്ന് മെട്രോയിൽ സൗത്ത് എൻഡ് സർക്കിൾ സ്റ്റേഷനിലെത്തിച്ച ശേഷം അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഹൃദയം എത്തിച്ചത് 20 മിനിറ്റിൽ

ഈ യാത്ര രാത്രി 11.01-ന് തുടങ്ങി 11.21-ന് അവസാനിച്ചു എന്നാണ് ബിഎംആർസിഎൽ അറിയിച്ചത്. 20 മിനിറ്റിനുള്ളിൽ ഏഴ് സ്റ്റേഷനുകളാണ് പിന്നിട്ടത്. മെഡിക്കൽ സംഘത്തിന്‍റെ അകമ്പടിയോടെയാണ് മാറ്റിവെയ്ക്കാനുള്ള ഹൃദയം സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചത്. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ഏകോപനം ഏറ്റെടുത്തു. കാലതാമസം കൂടാതെ അവയവം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.

ആദ്യം കരൾ, ഇപ്പോൾ ഹൃദയം

ഓഗസ്റ്റിൽ നമ്മ മെട്രോയിൽ കരൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. വൈറ്റ്ഫീൽഡിലെ വൈദേഹി ആശുപത്രിയിൽ നിന്ന് ആർ ആർ നഗറിലെ സ്പർശ് ആശുപത്രിയിലേക്കാണ് എത്തിച്ചത്. ബെംഗളൂരുവിലെ ഗതാഗത കുരുക്കിലൂടെ റോഡ് മാർഗം ഓടിയെത്താൻ വലിയ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് മെട്രോ സൌകര്യം ഉപയോഗപ്പെടുത്തുന്നത്.

View post on Instagram