ആലപ്പുഴ: സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദനം.  തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്ക് കയറിയ ജീവനക്കാര്‍ക്ക് നേരെയാണ് മര്‍ദനമേറ്റത്. ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം. അഞ്ചുജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ശങ്കേഴ്‌സ് ലാബിന്‍റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ ഓഫീസിലെ ജീവനക്കാരാണ് മര്‍ദനത്തിന് ഇരയായത്. 

ഒരുവിഭാഗം ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്ഥാപനം ഒന്‍പത് ദിവസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്പിനി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലെ ശാഖകളില്‍ ഇടപാടുകള്‍ നടത്താന്‍ കമ്പിനി തയാറാണെന്നായിരുന്നു ഇത്. ഇതോടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. 

ഇവര്‍ ഇന്നലെ രാവിലെ 8.15 ഓടെ പ്രശ്‌നസാധ്യത കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിച്ചിരിന്നു. വൈകുന്നേരം ജോലികഴിഞ്ഞിറങ്ങവേയാണ് സംഘടിച്ചെത്തിയ സമരക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സമരാനുകൂലികള്‍ ഇവിടെയും മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിവൈഎസ്പി പി.വി. ബേബി പറഞ്ഞു