തിരുവനന്തപുരം: മുട്ടത്തറയില്‍ റെയില്‍വേ മുന്‍ ജീവനക്കാരനെ ചുറ്റികയുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കൊച്ചുവേളി സ്വദേശി മഹേഷ് കുറ്റം സമ്മതിച്ചു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ അടിപിടിയെന്നും പെട്ടന്നുണ്ടായ പ്രകോപനത്തില്‍ ചുറ്റികയുപയോഗിച്ച് തലക്കടിച്ചതാണെന്നും  പ്രതി വ്യക്തമാക്കി. 

നെയ്യാറ്റിന്‍കര സ്വദേശിയായ കുഞ്ഞുശങ്കരനാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ സ്ത്രീയുമായി പ്രതി മഹേഷിന് ബന്ധമുണ്ടായിരുന്നു. സുഹൃത്തുക്കളായ മഹേഷും കുഞ്ഞുശങ്കരനും മദ്യപിക്കുന്നതിനിടെ മഹേഷിന്‍റെ ഫോണിലേക്ക് ബന്ധുവായ സ്ത്രീയുടെ ഫോണ്‍ വന്നു. 

ഇത് കുഞ്ഞു ശങ്കരന്‍ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ അടിപിടിയായി. തുടര്‍ന്ന് മദ്യലഹരിയില്‍ പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ചുറ്റികയുപയോഗിച്ച് കുഞ്ഞു ശങ്കരന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പ്രതി മഹേഷ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊച്ചുവേളി റയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറായിരുന്നു കൊല്ലപ്പെട്ട കുഞ്ഞു ശങ്കരന്‍.