കൊച്ചി: മഹാപ്രളയത്തെ അതിജീവിച്ച വടക്കൻ പറവൂരിന് കൗതുക കാഴ്ചകൾ സമ്മാനിച്ച് മുസിരിസ് മേള. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പക്ഷികളും അലങ്കാര മത്സ്യങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. നാല് ലക്ഷം രൂപ വിലമതിക്കുന്ന ആഫ്രിക്കൻ തത്തയായ മെക്കാവോയാണ് മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഇരുന്നൂറോളം അലങ്കാല മത്സ്യങ്ങളും, പ്രാവുകളും പൂച്ചകളും മേളയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദിനോസർ വിഭാഗത്തിൽപെടുന്ന മെക്സിക്കൻ ഓന്തായ ഇഗ്വാനയും ആളെക്കൊല്ലി മത്സ്യം എന്നറിയപ്പെടുന്ന പിരാനയും കാണികൾക്ക് കൗതുകമാവുകയാണ്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന അപൂർവയ്യിനം ചെടികളും പുഷ്പങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.

കാഴ്ചകളുടെ വിസ്മയത്തിനൊപ്പം രുചിവൈവിദ്യങ്ങളുമായെത്തുന്ന ഭക്ഷ്യമേളയും പന്തൽ ട്രേഡ് ഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മേളയെ വ്യത്യസ്തമാക്കുകയാണ്. മേളയുടെ ഭാഗമായി കുട്ടികൾക്ക് കളിക്കാനായി ബോട്ടിംഗ് അടക്കുമുള്ള കിഡ്സ് സോണും സജ്ജീകരിച്ചിട്ടുണ്ട്. ചേന്ദമംഗലം കവലയിലെ മൈതാനിയിൽ സംഘടിപ്പിച്ച മേള ഈ മാസം 29ന് സമാപിക്കും.