എം വി ഡിയുടെ 'തലയുള്ളവർ' പ്രയോഗത്തോട് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: റോഡ് ക്യാമറ എടുത്ത ചിത്രം തിരുവനന്തപുരത്ത് കുടുംബ കലഹത്തിന് കാരണമായെന്ന വാർത്തയോട് പ്രതികരിച്ച് എം വി ഡി രംഗത്ത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എം വി ഡി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ഒറ്റ വാചകത്തിൽ 'തലയുള്ളവർ ഹെൽമെറ്റ് ധരിക്കും' എന്നുമാത്രമാണ് എം വി ഡി ഫേസ്ബുക്കിൽ കുറിച്ചത്. എം വി ഡിയുടെ 'തലയുള്ളവർ' പ്രയോഗത്തോട് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

അതേസമയം റോഡ് ക്യാമറ എടുത്ത ചിത്രം തലസ്ഥാനത്ത് കുടുംബ കലഹത്തിന് കാരണമായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആ ര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതാണ് പൊല്ലാപ്പായത്. പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ വന്നതിന് പിന്നാലെയാണ് പിഴയുടെ വിവരം ചിത്രമടക്കം ആര്‍ സി ഉടമയുടെ ഫോണിലേക്ക് എത്തിയത്. എന്നാല്‍ ഭര്‍ത്താവ് ഓടിച്ച വാഹനത്തിലുണ്ടായിരുന്നത് മറ്റൊരു യുവതിയായതാണ് കുടുംബ കലഹത്തിന് കാരണമായത്. വിവരം ഭര്‍ത്താവിനോട് തിരക്കിയതിന് പിന്നാലെ വീട്ടില്‍ വഴക്കായി. പിന്നാലെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവതി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കരമന പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇടുക്കി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

സ്കൂട്ടറില്‍ ഭര്‍ത്താവിന് പിന്നില്‍ മറ്റൊരു യുവതി, റോഡ് ക്യാമറ മൂലം തിരുവനന്തപുരത്ത് കുടുംബകലഹവും

YouTube video player

കാര്‍ യാത്രികരുടെ ശ്രദ്ധയ്ക്ക്, കുട്ടികള്‍ ഇനി പിൻസീറ്റില്‍ മാത്രം, ബേബി കാര്‍ സീറ്റും നിര്‍ബന്ധം

അതേസമയം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു എന്നതാണ്. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. ഒപ്പം രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ വാഹനത്തില്‍ ചൈല്‍ഡ് ഓണ്‍ ബോര്‍ഡ് എന്ന അറിയിപ്പ് പതിപ്പിക്കുകയും വേണം. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.