ഏഴ് വർഷം മുൻപ് വെള്ളറടയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിതീഷിന്റെ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി. 

തിരുവനന്തപുരം: ഏഴ് വർഷം മുൻപ് വെള്ളറടയിൽ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വോങ്കോട് സ്വദേശി നിതീഷിന്റെ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി. മദ്യപാനത്തിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചെന്ന ലോക്കൽ പോലീസിന്റെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസിൽ വീണ്ടും അന്വേഷണം നടത്തുന്നത്.

2018 ഏപ്രിൽ മാസത്തിലായിരുന്നു അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ 22 വയസ്സുകാരനായ നിതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ മാതാപിതാക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചെങ്കിലും വെള്ളറട പോലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നു. മകൻ മദ്യപാനിയല്ലെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടി നിതീഷിന്റെ അമ്മ ഭിലോമിനയും വേങ്കോട് സ്വദേശി അനിൽ കുമാറും ഹൈക്കോടതിയെ സമീപിച്ചു.

രക്തപരിശോധനയിലോ രാസപരിശോധനയിലോ മദ്യത്തിന്റെ സാമ്പിൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ മദ്യപിച്ച് കിണറ്റിൽ വീണതാണെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, മൃതദേഹത്തിൽ കണ്ടെത്തിയ 21 ഓളം ചതവുകളും മുറിവുകളും അന്വേഷണത്തിൽ പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി കേസ് തുടർ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. വെള്ളറട പോലീസിൽ നിന്ന് അന്വേഷണ വിവരങ്ങൾ ശേഖരിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.