മതസാഹോദര്യത്തിന്‍റെ 'കേരള മോഡല്‍'; നബി ദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍
മത സാഹോദര്യത്തിന്റെ നബി ദിനാഘോഷമാണ് കൊല്ലം അഞ്ചൽ ഏരൂർ ഇളവറാംകുഴി മുഹിയുദ്ദീൻ മുസ്ലിം ജമാഅത്തിന്റേത്. ശിവപുരം ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് നബി ദിന റാലിക്ക് മധുരം നൽകി സ്വീകരണം ഒരുക്കിയത്.
കൊല്ലം: പ്രവാചക സ്മരണയിൽ ഇസ്ലാം മത വിശ്വാസികൾ നബി ദിനം ആഘോഷിക്കുമ്പോള്‍ ശ്രദ്ധ നേടുകയാണ് മത സാഹോദര്യത്തിന്‍റെ കേരള മോഡല്‍. സൗഹാര്‍ദ്ദത്തിന്റെ നബി ദിനാഘോഷമാണ് കൊല്ലം അഞ്ചൽ ഏരൂർ ഇളവറാംകുഴി മുഹിയുദ്ദീൻ മുസ്ലിം ജമാഅത്തിന്റേത്. ശിവപുരം ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് നബി ദിന റാലിക്ക് മധുരം നൽകി സ്വീകരണം ഒരുക്കിയത്. പള്ളിക്കും ക്ഷേത്രത്തിനുമായി ഒരേ പ്രവേശന കവാടവും കാണിയ്ക്ക വഞ്ചിയുമായി ജനശ്രദ്ധ നേടിയ ഇടം കൂടിയാണ് ഏരൂർ. ലോകം മുഴുവന്‍ ഈ മത സൗഹാര്‍ദ്ദം അനുകരിക്കണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
നബിദിന റാലിക്ക് ക്ഷേത്രം കമ്മിറ്റിയുടെ സ്വീകരണം; ഇത് മതസൗഹാർദ്ദത്തിന്റെ കേരളസ്റ്റോറി
സംസ്ഥാനത്തുടനീളം പ്രവാചക സ്മരണയിൽ നബിദിന റാലികള്‍ നടക്കുന്നതിനിടെ മത സൗഹാര്‍ദ്ദത്തിന്‍റെ നല്ല മാതൃകകള്‍ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. നൂറുകണക്കിന് മദ്രസ വിദ്യാർത്ഥികളും വിശ്വാസികളും അണിനിരന്ന നബി ദിന റാലികള്‍ വിവിധ ജില്ലകളിൽ ആഘോഷത്തോടെയാണ് നടക്കുന്നത്. ഇതിനിടെ മലപ്പുറത്തെ ഒരു നബിദിന റാലിയിൽ നിന്നുള്ള മറ്റൊരു കാഴ്ചയും സമൂഹിക മാധ്യമങ്ങളിൽ വൈറലായി. മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന എന്ന യുവതി നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച മലപ്പുറത്തെ മത സൗഹാർദ്ദത്തിന്‍റെ കാഴ്ചയും ലോകത്തിന് മാതൃകയാവുകയാണ്.