വടകര ചെരണ്ടത്തൂരിലെ മന്ദരത്തൂര്‍ എം.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി നന്‍മ തേജസ്വിയുടെ എഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോഴിക്കോട്: അനേകം പേജുകളുള്ള നോവലായും വര്‍ഷങ്ങളെടുത്ത് ചിത്രീകരിച്ച സിനിമയായും മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ നജീബിന്റെ ആടുജീവിതം തന്റെ നോട്ടുപുസ്തകത്തിലെ ഒറ്റപ്പേജില്‍ കോറിയിട്ടിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വടകര ചെരണ്ടത്തൂരിലെ മന്ദരത്തൂര്‍ എം.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി നന്‍മ തേജസ്വിയുടെ എഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നോവല്‍ രചയിതാവായ ബെന്യാമിനും നന്‍മയുടെ എഴുത്ത് പങ്കുവെച്ചിട്ടുണ്ട്. 'ഇത്രേ ഒള്ളൂ' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫ്‌സബുക്കില്‍ നന്‍മയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇന്നലെ ക്ലാസ് ടീച്ചര്‍ അവധിയിലായതിനാല്‍ പകരമായി അറബിക് ടീച്ചറായ സുബൈദ ക്ലാസില്‍ എത്തുകയും കുട്ടികളോട് വായിച്ച പുസ്തകത്തെപ്പറ്റിയോ സിനിമയെപ്പറ്റിയോ ഒരു കുറിപ്പെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ അവസരത്തിലാണ് നന്‍മ ആടു ജീവിതം തന്റെ നോട്ടുപസ്തകത്തിലെ ഏതാനും വരികളിലേക്ക് പകര്‍ത്തിയത്. ഈ കൊച്ചുമിടുക്കിയുടെ വേറിട്ട കഥയെഴുത്ത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂളിലെ മറ്റൊരധ്യാപകനായ ശ്രീജിത്ത് പേജിന്റെ ഫോട്ടോ എടുക്കുകയും ഷെയര്‍ ചെയ്യുകയുമായിരുന്നു. മകള്‍ ആടുജീവിതം സിനിമ കാണുകയോ നോവല്‍ വായിക്കുകയോ ചെയ്തിട്ടില്ലെന്ന് നന്‍മയുടെ അമ്മ ആശ ലത പറഞ്ഞു. നജീബിന്റെ കഥ പലപ്പോഴായി പറഞ്ഞുകൊടുത്തിട്ടുണ്ട്. എന്നാല്‍ നോട്ടുപുസ്തകത്തിലേക്ക് പകര്‍ത്തി എഴുതാന്‍ മാത്രം മനസ്സില്‍ തങ്ങിനിന്നിരുന്നുവെന്ന് കരുതിയിരുന്നില്ല. പ്രവാസിയായ ഭര്‍ത്താവ് സുനില്‍ ശ്രീധരന്‍ ഫോണില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് മകളുടെ എഴുത്ത് ചര്‍ച്ചയായ കാര്യം അറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നന്‍മ തേജസ്വിയുടെ സഹോദരന്‍ സംയഗ് തേജസ് ഇതേ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിയാണ്.

നന്‍മയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

''ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദൂബായില്‍ പോയി. അവിടുത്തെ അറബ് മനുഷ്യന്‍ നജീബിനെ പറ്റിച്ചു മരുഭൂമിയില്‍ ഇട്ടു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു. നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആള് വന്നു. രക്ഷിച്ചുകൊണ്ടുപോയി. പേരിയോനേ...ന്‍ റഹ്‌മാനേ...പേരിയോനേ..റഹിം.'

'ബെന്യാമിൻ പറഞ്ഞതല്ല സത്യം, ആടുജീവിതം ഞാൻ വേണ്ടെന്നുവച്ചതല്ല'; തന്‍റെ നജീബ് ആവേണ്ടിയിരുന്ന നടനാരെന്ന് ലാൽജോസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം