ഓട്ടുപാത്ര നിർമ്മാണ മേഖലയിൽ മാന്നാറിന്റെ പെരുമ  വാനോളമുയർത്തിയ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട നാരായണൻ ആചാരി പതിനെട്ടാം വയസിലാണ് വിഗ്രഹനിർമ്മാണത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് തുടങ്ങിയത്.  

മാന്നാർ: ശരണ മന്ത്രങ്ങളാൽ മുഖരിതമായ ഈ മണ്ഡലകാലത്ത് അയ്യപ്പവിഗ്രഹത്തിന്റെ നിർമ്മിതിയിലാണ് മാന്നാർ കുരട്ടിക്കാട് തെള്ളിക്കിഴക്കേതിൽ ടി.എ നാരായണൻ ആചാരി. വിഗ്രഹ നിർമ്മാണ രംഗത്ത് അരനൂറ്റാണ്ട് പിന്നിടുമ്പോഴും മനതാരിൽ നിറഞ്ഞുനിൽക്കുന്ന അയ്യപ്പ ശാസ്താവിനെ പഞ്ചലോഹത്തിൽ നിർമ്മിച്ച് ശില്പചാതുര്യത്തിന്റെ അത്ഭുതങ്ങൾ വിരിയിക്കുകയാണ് ഈ എഴുപത്തിഒന്നുകാരൻ. ഓട്ടുപാത്ര നിർമ്മാണ മേഖലയിൽ മാന്നാറിന്റെ പെരുമ വാനോളമുയർത്തിയ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട നാരായണൻ ആചാരി പതിനെട്ടാം വയസിലാണ് വിഗ്രഹനിർമ്മാണത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് തുടങ്ങിയത്. 

ചെങ്ങന്നൂർ തട്ടാവിളയിൽ നീലകണ്ഠപണിക്കരുടെ അടുത്ത് നിന്നും ബാലപാഠങ്ങൾ സ്വായത്തമാക്കിയശേഷം കേന്ദ്ര സർക്കാരിന്റെ സ്റ്റൈപെൻഡോടെ നാല് വർഷത്തെ പഠനം. തുടർന്ന് ബംഗളുരുവിൽ കർണ്ണാടക സർക്കാരിന്റെ വെങ്കല നിർമ്മാണകേന്ദ്രത്തിൽ 15വർഷം ജോലി ചെയ്‌തെങ്കിലും തുച്ഛമായ കൂലി ഒന്നിനും തികയാതെ വന്നതോടെ അതുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്.

പിന്നീട് വീടിനോട് ചേർന്ന് ആലയുണ്ടാക്കി സ്വന്തമായി വിഗ്രഹനിർമ്മാണത്തിന് തുടക്കം കുറിച്ചു. നടരാജവിഗ്രഹങ്ങളാണ് കൂടുതലായി നിർമ്മിച്ചിട്ടുള്ളത്. കൂടാതെ അയ്യപ്പൻ, ഗണപതി, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗുരുദേവൻ തുടങ്ങിയ അനേകം വിഗ്രഹങ്ങൾ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട്. മുംബൈ ഉല്ലാസ് നഗർ, ചെന്നൈ, കോടമ്പാക്കം, നൊങ്കംപാക്കം എന്നിവിടങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങളുടെ നിർമ്മാണവും നാരായണൻ ആചാരി ആയിരുന്നു. 

പുതുതലമുറ ഈ മേഖലയിലേക്ക് കടന്നു വരാത്തതിനാൽ വിഗ്രഹനിർമ്മാണ മേഖല അന്യം നിൽക്കുമെന്ന വേവലാതി ഈ ശില്പിയെ അലട്ടുന്നുണ്ട്. ശില്പ നിർമ്മാണത്തിനായി ഒരു പരിശീലന കേന്ദ്രം മാന്നാറിൽ തന്നെ ആരംഭിച്ചാൽ പുതുതലമുറയെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് നാരായണൻ ആചാരി പറയുന്നത്. മുരുകമ്മാളാണ് നാരായണൻ ആചാരിയുടെ ഭാര്യ. നിഷ, ആശ എന്നിവർ മക്കളും സന്തോഷ്, അരുൺ എന്നിവർ മരുമക്കളുമാണ്.

അട്ടപ്പാടി പുളിയപ്പതി ജനവാസ മേഖലയിൽ അക്രമകാരിയായ ഒറ്റയാൻ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തുരത്തി