നീണ്ട പരിശ്രമത്തിനൊടുവിലാണ് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

പയന്നൂർ: കണ്ണൂരിലെ കടന്നപ്പള്ളി പാണപ്പുഴയിൽ കിണറിൽ ഇവീഴാതിരിക്കാൻ കെട്ടിയ വലയിൽ വന്നിരുന്ന മയിൽ വല പൊട്ടി കിണറ്റിൽ വീണു. പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്‌സിങ്ങ് അസി. ഭാസ്‌കരന്‍റെ വീട്ടിലെ കിണറ്റിലാണ് സംഭവം. വലപൊട്ടി വീട്ടു കിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇന്നലെയാണ് കിണറ്റിൽ മയിൽ വീണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഇവർ സർപ്പ വളണ്ടിയർ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സുചീന്ദ്രൻ സംഭവ സ്ഥലത്തെത്തി കയറുപയോഗിച്ച് കിണറ്റിലിറങ്ങി. നീണ്ട പരിശ്രമത്തിനൊടുവിലാണ് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്‌ടർമാരായ സുരേഷ്, ഹരീഷ്‌മ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണന്‍റെ നിർദേശപ്രകാരം ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.