പ്രതിയും സഹോദരനും ഒരേ രൂപസാദൃശ്യമായതിനാൽ തിരിച്ചറിയുക പ്രയാസമാണ്. ഇത് മുതലെടുത്ത് പ്രതി സഹോദരന്റെ വേഷത്തിലും വന്നുപോയിരുന്നു
ആലപ്പുഴ: ഡാണാപ്പടിയിലെ ലോഡ്ജിൽ മുറിയെടുത്ത് എം ഡി എം എ വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതിൽ നിതിൻ (28) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. രണ്ട് വർഷമായി ഇതര സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ സിം കാർഡ്, ഫോൺ എന്നിവ മാറിമാറി ഉപയോഗിക്കുകയായിരുന്നു.
ഇടയ്ക്കിടെ നാട്ടിൽ വന്നു പോയിരുന്ന ഇയാളെ കനകക്കുന്ന് ഭാഗത്ത് വച്ചാണ് പിടികൂടിയത്. പ്രതിയും സഹോദരനും ഒരേ രൂപസാദൃശ്യമായതിനാൽ തിരിച്ചറിയുക പ്രയാസമാണ്. ഇത് മുതലെടുത്ത് പ്രതി സഹോദരന്റെ വേഷത്തിലും വന്നുപോയിരുന്നു. പിടികൂടിയപ്പോഴും ഇയാൾ സഹോദരനാണെന്ന രീതിയിൽ അഭിനയിച്ചതായി പൊലീസ് പറഞ്ഞു.
ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ വലിയ മയക്കുമരുന്ന് മാഫിയയാണ് പിടിയിലായത്. കേസിൽ 20 പ്രതികളാണ് ആകെയുള്ളത്. 16 പ്രതികൾ ഇതുവരെ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബംഗളൂരുവിൽ നിന്നുള്ള ബൈക്ക് യാത്രക്കിടെ യുവാവിന്റേയും യുവതിയുടെയും കൈയില്‍ നിന്ന് എം ഡി എം എ പിടികൂടി എന്നതാണ്. മൂന്നുപീടിക അറവുശാല സ്വദേശിയാ ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത് വീട്ടില്‍ ബ്രിജിത (24) എന്നിവരെയാണ് പൊലാസ് ന്യൂജെൻ മയക്കുമരുന്നായ എം ഡി എം എയുമായി പിടികൂടിയത്. പരിശോധനയിൽ രണ്ട് പേരിൽ നിന്നുമായി 23 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. ബ്രിജിത എം എ, ബി എഡ് ബിരുദധാരിയാണ്. ബാംഗ്ലൂര്‍ താമസിച്ചാണ് ഇവർ പഠനം പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
