ഇടുക്കി: ഓണക്കാലത്തോട് അനുബന്ധിച്ച് ലോക്കാട് ഗ്യാപ് റോഡ് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതർ. ശനിയാഴ്ച രാവിലെ മുതൽ ചെറുവാഹനങ്ങൾക്ക് ഗ്യാപ്പ് റോഡുമാർഗം മൂന്നിലെത്താം. 

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് റോഡ് തുറന്നുകൊടുക്കാൻ അധികൃതർ തീരുമാനിച്ചത്. കാലവർഷത്തെ തുടർന്നുണ്ടായ പ്രകൃതിഷോഭത്തിൽ ഗ്യാപ്പ് റോഡിൽ വൻമലയും പാറകളും ഇടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി നിലച്ചത്. തുടർച്ചയായി സ്പോടനങ്ങൾ നടത്തിയതോടെ മേഖലയിൽ ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു. 

ഒരുമാസത്തോളം യന്ത്രങ്ങളുടെ സഹായത്തോടെ നടത്തിയ ശ്രമഫലമായാണ് റോഡിൽ ഗതാഗതം വീണ്ടും ആരംഭിക്കാൻ കഴിഞ്ഞത്. വാഹനം കടന്നുപോകാൻ കഴിയാതെ വന്നതോടെ ചിന്നക്കനാൽ മൗണ്ട് ഫോർട്ട് സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുകയും. ഓണപ്പരീക്ഷ നീട്ടിവെയ്ക്കുകയും ചെയ്തു. 

റോഡ് തുറക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. വരും ദിവസങ്ങളിൽ വലിയ വാഹനങ്ങൾ കടന്നുപോകാൻ  സൗകര്യമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.