ഇടുക്കി: സംഘാടകരെത്താത്തതിനെ തുടര്‍ന്ന് കുട്ടികള്‍ക്കായി സംഘടിപ്പിച്ച നാലാമത് ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത് ആറുമണിക്കൂര്‍ വൈകി. കാത്തുനിന്നത് ഇതര സംസ്ഥാനത്തുനിന്നടക്കം എത്തിയ നൂറുകണക്കിന് ആദിവാസി കുട്ടികൾ. എട്ടുമണിയോടെയെത്തിയ സംഘാടകര്‍ക്കെതിരേ പ്രതിഷേധവുമായി മാതാപിതാക്കളും രംഗത്തെത്തി. 

മൂന്നാര്‍ പൊലീസെത്തിയാണ്  പ്രശ്നം പരിഹരിച്ച് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച്. സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് കുട്ടികള്‍ക്കായി ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഞയറാഴ്ച 2 മണിക്ക് മത്സരം ആരംഭിക്കുമെന്നാണ്  അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും സംഘാടകർ എത്തിയില്ല. ഇതോടെ മതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. 

രാത്രി 8 മണിയോടെ എത്തിയ സംഘാടകരെ രക്ഷിതാക്കൾ തടയുകയും ചെയ്തു. മൂന്നാർ എസ്.ഐയുടെ നേത്യത്വത്തിൽ ചർച്ചക്കൊടുവിലാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ സാധിച്ചത്. 300 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഘാടകർ വൈകിയതോടെ പലരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

ട്രെയിൻ വൈകിയതും ഗതാഗതകുരുക്കുമാണ് കൃത്യ സമയത്ത് എത്താൻ കഴിയാത്തതെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. കുട്ടികൾക്ക് നൽകേണ്ട സർട്ടിഫിക്കറ്റുകൾ കൈവശമില്ലാത്തതും സംശയങ്ങൾക്ക് ഇടയാക്കി.