കല്‍പ്പറ്റ: പുത്തുമല മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം ഇനിയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദുരന്ത മേഖലയില്‍ മുളത്തൈകള്‍ വച്ചുപിടിപ്പിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. വയനാട്ടില്‍ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നില്ലാതായ പുത്തുമലയിലും മുളകള്‍ വച്ച് പിടിപ്പിക്കാന്‍ തീരുമാനിച്ചത്. രാവിലെ മേപ്പാടി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും മുളത്തൈകളുമായി പുത്തുമലയിലെത്തിയെങ്കിലും നാട്ടുകാരെത്തി തടഞ്ഞു. 

ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാതെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ദുരന്തം നടന്ന് രണ്ട് മാസത്തോടടുക്കുമ്പോഴും മിനിമം ധനസഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും ലഭിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുത്തുമലയ്ക്ക് പുറമെ നിരവധി ഉരുള്‍പ്പൊട്ടലുണ്ടായ കുറിച്ച്യാര്‍മലയിലും മുള നടീല്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. അതേ സമയം ഉദ്ഘാടകന്‍ ആയി എത്തേണ്ടിയിരുന്ന സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നില്ല.