കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ  പ്ലാൻറിൻറെ പ്രവർത്തനം പുരാരംഭിക്കാത്തത്  മൂലം എറണാകുളം ജില്ലയിലെ മാലിന്യ സംസ്ക്കരണം പ്രതിസന്ധിയിലായിട്ട് ആറുദിവസം പിന്നിട്ടു .  ഇന്നലെ രാത്രി പ്ലാൻറിലേക്ക് മാലിന്യവുമായി എത്തിയ വാഹനങ്ങൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമീപവാസികൾ തടഞ്ഞു.  ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം പൊലീസ് ഇടപെട്ട് വാഹനങ്ങൾ പ്ലാൻറിലേക്ക് കടത്തിവിട്ടു.

രാത്രി വൈകിയാണ് കൊച്ചി കോർപ്പറേഷനിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങളുമായി പതിനഞ്ചോളം ലോറികൾ ബ്രഹ്മപുരത്തേക്ക് എത്തിയത്.  ഇതറിഞ്ഞ നാട്ടുകാർ വടവുകോട് പുത്തൻകുരിശ് പഞ്ചാത്തംഗങ്ങളായ ബീനയുടെയും കെ പി വിശാഖിൻറെയും നേതൃത്വത്തിൽ സംഘടിച്ചെത്തി. വാഹനങ്ങൾ തടഞ്ഞ പ്രതിഷേധക്കാർ താക്കോലും ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളും പിടിച്ചു വാങ്ങി. സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ആദ്യം വഴങ്ങിയില്ല.  തുടർന്ന് പഞ്ചായത്തംഗം വിശാഖിനെ അറസ്റ്റു ചെയ്തു നീക്കി. 

താക്കോൽ തിരികെ നൽകി പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ എല്ലാവരെയും അറസ്റ്റു ചെയ്യുമെന്ന കർശന നിലപാട് പൊലീസ് സ്വീകരിച്ചതോടെ സമരക്കാർ അയഞ്ഞു. താക്കോൽ തിരികെ നൽകി.  ഇന്നും വാഹനങ്ങൾ തടയുമെന്ന് പ്രഖ്യാപിച്ച് മടങ്ങുകയായിരുന്നു. കൊച്ചി നഗരത്തിലടക്കം കുന്നു കൂടിയ ഭക്ഷണ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ പ്ലാൻറിലേക്ക് എത്തിക്കുന്നുള്ളൂ. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷമേ പ്ലാസ്റ്റിക് എത്തിക്കുയുള്ളുവെന്നാണ് കൊച്ചി കോർപ്പറേഷൻറെ നിലപാട്.