ഇടുക്കി: കൊവിഡ് രോഗം ആരോഗ്യ വകുപ്പിന്റെ തട്ടിപ്പ് നാടകമാണെന്ന് ആരോപിച്ച് വട്ടവടയില്‍ കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു. ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഇവരുടെ സുരക്ഷയ്ക്കായിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും മൂന്നുമണിക്കൂര്‍ തടഞ്ഞുവെച്ചു. 

വട്ടവട കോളനിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീറ്റര്‍ പ്രിന്‍സിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധിയില്‍ രോഗം കണ്ടെത്തിയ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്. തിങ്കളാഴ്ച രാവിലെ വട്ടവട കോളയിലെ 131 പേരില്‍ നടത്തിയ ആറ്റിജന്‍ പരിശോധനയിലാണ് പത്തുപേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ആംബുലന്‍സ് എത്തിച്ച് രോഗികളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചു. 

ഉച്ചയോടെ രണ്ട് വാഹനങ്ങള്‍ എത്തിക്കുകയും രോഗികളെ വാഹനത്തില്‍ കയറ്റാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്. കൊവിഡ് രോഗമെന്നത് ആരോഗ്യ വകുപ്പിന്റെ നാടകമാണെന്ന് ആരോപിച്ച് രോഗികളെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. 

ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഇവരുടെ സുരക്ഷയ്ക്കായെത്തിയ പൊലീസിനെയും നാട്ടുകാര്‍ മൂന്ന് മണിക്കുര്‍ തടഞ്ഞുവെച്ചു. വട്ടവട
പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജിന്റെ  നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ച് നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം രോഗിളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായത്.