കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് പതിവാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാരുടെ ഈ നീക്കത്തിനെതിരെയാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിലെ ഇന്ന് സമരം നടത്തിയത്. 

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മിന്നല്‍ പണിമുടക്ക് നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ബസ് ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ച് കുറ്റ്യാടി റൂട്ടില്‍ ഇന്ന് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ യാത്രക്കാര്‍ ബസുകള്‍ തടഞ്ഞു. കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് പതിവാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാരുടെ ഈ നീക്കത്തിനെതിരെയാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിലെ ഇന്ന് സമരം നടത്തിയത്. 

ബുധനാഴ്ച ഉള്ളിയേരിയില്‍ ഇരുചക്രവാഹന യാത്രക്കാരെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചിടാന്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കവും ഉണ്ടായി. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതോടെയാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഇന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്. 

യാത്രക്കാരെ വലച്ച് ഇടക്കിടെ സമരം ചെയ്യുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസത്തെ സംഭവത്തിനിടെ നാട്ടുകാരെ ബസ് ജീവനക്കാര്‍ മദ്ദിച്ചെന്ന പരാതിയുമുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.നിസ്സാര കാര്യങ്ങള്‍ക്ക് മിന്നല്‍ പണിമുടക്ക് നടത്തുമ്പോള്‍ പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞ് മര്‍ദ്ദിക്കുന്നതും ഈ റൂട്ടില്‍ പതിവാണ്.