ദേശീയപാത 66-ലെ നാട്ടിക ടോൾ പിരിവ് തടയണമെന്ന ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ ടിഎൻ പ്രതാപൻ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.

കൊച്ചി: ദേശീയപാത 66-ലെ നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ എംപി ടിഎൻ പ്രതാപനും പൊതുപ്രവർത്തകൻ പി.കെ. അനിൽകുമാറും സമർപ്പിച്ച ഹർജിയിലാണ് നടപടി.

ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും. ആകെ 60 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ സഞ്ചാരയോഗ്യമായ 51 കിലോമീറ്ററിന് ആനുപാതികമായാണ് ടോൾ ഈടാക്കുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. രണ്ട് വയഡക്ടുകളുടെയും ഒരു ഫ്ലൈ ഓവറിന്റെയും നിർമാണം പൂർത്തിയാകാനുണ്ട്. പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ടോൾ പിരിവ് ആരംഭിക്കണമെന്നാണ് ചട്ടമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.