നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ പിതാവിന്റെ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐയും പോലീസ് സ്റ്റേഷനിലേക്ക് സിപിഎമ്മും മാർച്ച് നടത്തി. പ്രതിയെ സഹായിക്കാൻ മന്ത്രി എം. ലിജു ഇടപെട്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പൊലീസിനെതിരെ സിപിഎമ്മും രംഗത്തെത്തി. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച് നടത്തി. എഫ്ഐആറിൽ പേര് ചേർക്കുകയോ കൂടുതൽ വകുപ്പുകൾ ചുമത്തുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മന്ത്രി എം. ലിജുവിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. പ്രതിക്ക് അനുകൂലമായി മന്ത്രി ഇടപെട്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം തള്ളി മന്ത്രിയും രംഗത്തെത്തി. ഡിവൈഎഫ്ഐ ആരോപണം പൂർണമായി കളവാണെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം, നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്മെന്റ് ആർടിഒ ബിജു ഐസക്. പ്രതിയായ സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ടെന്നും ബിജു ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശക്തമായ തുടർനടപടികൾ ഉണ്ടാകും. സുഹൈൽ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നോ എന്ന് പരിശോധിക്കും. നിയമം ലംഘിച്ചാൽ പിടിവീഴും. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ട. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കുമെന്നും എൻഫോസ്മെന്റ് ആർടിഒ അറിയിച്ചു.
