ജനറേറ്റർ പണിമുടക്കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷനും മറ്റും നടത്തുന്നത് രോഗികളുടെ ജീവൻ പന്താടിയാണ്.

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ പ്രവര്‍ത്തന രഹിതമായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയായില്ല. വൈദ്യുതി തടസ്സം പതിവായ മേഖലയിൽ ഓപ്പറേഷനും മറ്റും നടത്തുന്നത് രോഗികളുടെ ജീവൻ പന്താടിയാണ്.

വർഷങ്ങളുടെ പഴക്കമുള്ള ഈ ജനററേറ്റർ കഴിഞ്ഞമാസം ഇരുപതിനാണ് പ്രവര്‍ത്തന രഹിതമായത്. എന്നാൽ പുതിയ ജനറേറ്റർ സ്ഥാപിക്കാനോ താൽക്കാലിക പരിഹാരം കാണാനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. പ്രസവം, കണ്ണ് ശസ്ത്രക്രിയയുമുള്‍പ്പടെ ദിവസവും നിരവധി ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടക്കാറുള്ളത്. കറണ്ട് പോകുമെന്ന പേടിയിൽ ഇപ്പോൾ രോഗികളെ മടക്കി അയക്കുകയാണ്. 

ജനറേറ്റർ മാറ്റേണ്ട ചുമതല ബ്ലോക്ക് പഞ്ചായത്തിനാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയത് വാങ്ങിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടെന്നാണ് അവരുടെ വാദം. സംഭവത്തിന്‍റെ ഗൗരവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.