Asianet News MalayalamAsianet News Malayalam

മൂന്നാര്‍ പെരിയവാരയില്‍ ബെയ്‍ലി പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം

മഴയിൽ പെരിയവാരയിലെ താത്കാലിക പാലം തകരുന്നത് പതിവായതോടെയാണ് ബെയ്‍ലി പാലത്തിന്‍റെ സാധ്യത അധികൃതർ തേടുന്നത്.
 

need to build a bailey bridge at munnar periyawara
Author
Munnar, First Published Aug 14, 2019, 12:55 PM IST

ഇടുക്കി:  മൂന്നാർ പെരിയവാരയിൽ ബെയ്‍ലി പാലം നിർമിക്കാൻ  ജില്ലാഭരണകൂടം അനുമതി തേടി. കനത്ത മഴയിൽ പെരിയവാരയിലെ താത്കാലിക പാലം തകരുന്നത് പതിവായതോടെയാണ് ബെയ്‍ലി പാലത്തിന്‍റെ സാധ്യത അധികൃതർ തേടുന്നത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് പെരിയവാര പാലം തകർന്നത്. മൂന്നാർ-ഉടുമ്മൽപേട്ട റോഡിലെ ഗതാഗതം നിലച്ചതോടെ അധികൃതർ ഉടനടി താത്കാലിക പാലം നിർമിച്ചു. കോണ്‍ക്രീറ്റ് പൈപ്പുകളുടെ മുകളിൽ മെറ്റിൽ പാകിയാണ് പാലം നിർമിച്ചത്. എന്നാൽ കന്നിമലയാറ്റിൽ ജലനിരപ്പ് ഉയർന്ന മൂന്ന് തവണയും താത്കാലിക പാലം തകർന്നു. അവസാനം തകർന്നത് കഴിഞ്ഞ ആഴ്ചത്തെ മഴയിലാണ്. ഇതോടെ എട്ട് എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഒറ്റപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്കുള്ള അവശ്യസാധനങ്ങളുടെയടക്കം ചരക്ക് നീക്കം നിലച്ചു. പാലം വീണ്ടും ഗതാഗത യോഗ്യമാക്കിയെങ്കിലും ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്.

പെരിയവാരയിൽ നിർമിക്കുന്ന പുതിയ സ്ഥിരം പാലത്തിന്‍റെ പണി അനിശ്ചിതമായി നീളുന്നതും ബെയ്‍ലി പാലത്തിന്‍റെ ആവശ്യകത കൂട്ടുന്നു. മഹാപ്രളയം കഴിഞ്ഞ് 10 മാസത്തിന് ശേഷം കഴിഞ്ഞ ജൂണിൽ മഴ തുടങ്ങിയപ്പോഴാണ് പുതിയ പാലത്തിന്‍റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. മഴ കനത്തതോടെ പണി നിലയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് എത്രയും വേഗം ബെയ്‍ലി പാലം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios