കോഴിക്കോട്: അയൽവാസി വഴി കെട്ടിയടച്ചതോടെ ചികിത്സയ്ക്ക് പോലും പുറത്തിറങ്ങാനാകാതെ ക്യാൻസർ രോഗിയായ ദളിത് സ്ത്രീയും ഭിന്നശേഷിക്കാരനായ മകനും ദുരിതത്തിൽ. കോഴിക്കോട് കട്ടാങ്ങൽ സ്വദേശിനിയായ പ്രേമി തിരുവനന്തപുരം ആർസിസിയിൽ ക്യാൻസർ ചികിൽസയിലായിരുന്ന സമയത്ത് അയൽവാസി ഇടവഴിയുടെ അവകാശമുന്നയിച്ച് തഹസിൽദാരെ സമീപിക്കുകയായിരുന്നു. 

വാദത്തിന് വിളിച്ചപ്പോൾ ഹാജരാകാൻ കഴിയാതെ വന്നതോടെ അനുകൂല വിധി നേടിയെടുത്ത അയൽക്കാരൻ വഴി കെട്ടിയടക്കുകയായിരുന്നെന്ന് ഇവർ പറയുന്നു.  അൻപത് വർഷത്തിലെറെയായി കട്ടാങ്ങൽ വെളുത്തപറന്പതത് പ്രേമിയും കുടുംബവും വീട്ടിലേക്കെത്താൻ ഉപയോഗിച്ചിരുന്ന നടവഴിയാണ് അയൽക്കാരൻ ആറുമാസം മുൻപ് കെട്ടിയടച്ചത്. ഇതോടെ ക്യാൻസർ രോഗിയായ പ്രേമി ആശുപത്രിയിൽ പോകാൻ പോലും കഴിയാതെ പ്രയാസത്തിലാണ്. പെണ്മക്കൾ വിവാഹിതരായതോടെ ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് ഇവർ കഴിയുന്നത്.

വഴിനടക്കാൻ ഉപയോഗിച്ചിരുന്ന ഇടവഴി സ്വന്തം ഭൂമിയാണെന്ന് കാണിച്ച് അയൽക്കാരൻ തഹസിൽദാരെയും പിന്നീട് മുൻസിഫ് കോടതിയെയും സമീപിച്ചു. ഈ സമയത്ത് പ്രേമി തിരുവനന്തപുരം ആർസിസിയിൽ ക്യാൻസറിനെ തുടർന്ന് ഗർഭപാത്രവും മൂത്രാശയവും നീക്കുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ചികിൽസയിലായിരുന്നു.

ഇടവഴിയാണെന്നും അയൽക്കാരന്‍റെ ആധാരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും മുൻസിഫ് കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. മാസത്തിൽ ചികിത്സയ്ക്കും മറ്റുമായി വലിയ തുക വേണ്ടതിനാൽ കേസുമായി മുന്നോട്ട് പോകാനുമാവുന്നില്ല. പ്രേമിക്ക് മൂത്ര സഞ്ചിക്ക് പകരം ഉപയോഗിക്കുന്ന കൃത്രിമ ബാഗ് വാങ്ങാൻ പോലും പുറത്ത് പോകാനാകാതെ ദുരിതത്തിലാണ് ഈ ദളിത് കുടുംബം.